വേലകളി- കലയും അനുഷ് ഠാനവും

ടി ശശി മോഹന്‍

Velakali training given by Guru Gopinath
WEBDUNIA|
T Sasi Mohan
വേലകളി ഒരേസമയം വര്‍ണശബളമായ ഒരു നാടന്‍കലാരൂപമാണ് ; അനുഷ്ഠാനവുമാണ്. ക്ഷേത്ര സംസ്കാരവും ആയോധന സംസ്കാരവും ഇതില്‍ ഊടും പാവും പാകിയിരിക്കുന്നു.

ശരിയായ അര്‍ത്ഥത്തില്‍ ഇതിനെ നൃത്തരൂപമെന്നോ അനുഷ് ഠാനമെന്നോ വിളിക്കാനാവില്ല. എന്നാല്‍ ആവേശം പകരുന്ന താളങ്ങള്‍ കൊണ്ടും ചുവടുകള്‍ കൊണ്ടും അംഗവിക്ഷേപം കൊണ്ടും സമൃദ്ധമാണീ നാടന്‍കല.

അമ്പലപ്പുഴയിലുള്ള ഒരു സംഘമായിരുന്നു പതിവായി വേലകളി അവതരിപ്പിച്ചിരുന്നത്. അവിടെ നിന്നും മാത്തൂരിലെ മോഹന്‍ കുഞ്ഞുപണിക്കരില്‍ നിന്നും അഭ്യസിച്ച ചുരുക്കം ചിലര്‍ക്കേ ഇന്നും വേലകളി അവതരിപ്പിക്കാനും പഠിപ്പിക്കാനും അറിയൂ.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുഗോപിനാഥ് വേലകളിയെ ഉദ്ധരിക്കാന്‍ ശ്രമിച്ചതാണ്. പക്ഷെ അത് വിജയിച്ചില്ല. തിരുവനന്തപുരത്തെ വിശ്വകലാകേന്ദ്രത്തില്‍ തുടങ്ങിയ വേലകളി ക്ളാസ്സ് കുറച്ചു വര്‍ഷമേ നിലനിന്നുള്ളൂ.

മദ്ധ്യതിരുവിതാംകൂറില്‍ ജന്മമെടുത്ത ഒരു നൃത്തരൂപമാണ് വേലകളി. കുരുക്ഷേത്രയുദ്ധത്തിലെ കൗരവ പാണ്ഡവ യുദ്ധത്തേയോ ദേവാസുര യുദ്ധത്തേയോ അനുസ്മരിപ്പിക്കുന്നതാണ് ഈ കലയെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. പടക്കോപ്പുകള്‍ അണിഞ്ഞു കൊണ്ടുള്ള ഈ കളി അമ്പലപ്പുഴയിലും പരിസരങ്ങളിലും ഇന്നും നടന്നു വരുന്നു .

പക്ഷേ കലാരൂപമെന്ന നിലയില്‍ വേലകളി നശിച്ചുകഴിഞ്ഞു എന്നുതന്നെ പറയാം. ടൂറിസം വാരാഘോഷങ്ങളിലും മറ്റും അവതരിപ്പിച്ചു പൊലിപ്പുകാട്ടാനുള്ള വെറുമൊരു കളിയായിത് മാറുകയാണ്. വേലകളി പഠിക്കുന്നവരും അവതരിപ്പിക്കുന്നവരും കുറവാണ്.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഒരു കാലത്ത് വളരെ ഗംഭീരമായി വേലകളി അവതരിപ്പിച്ചിരുന്നു. അമ്പലപ്പുഴ വേല കണ്ടാല്‍ അമ്മയും വേണ്ട എന്ന ചൊല്ലു തന്നെ നിലവിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :