ബാലെയുടെ ആചാര്യന്‍ നൊവേറെ

WEBDUNIA|
ബാലെയുടെ ആചാര്യന്‍ നൊവേറെ

പത്തൊന്‍പതാം നൂറ്റാണ്ടിലെ വിവരണാത്മക ബാലകളുടെ ഉപജ്ഞാതാവും പ്രമുഖ ഫ്രഞ്ച് നര്‍ത്തകനും ബാലെ ഗുരുവുമാണ് ജീന്‍ - ജോര്‍ജ്ജസ് നൊവേറെ. ആ നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ നര്‍ത്തകനായാണ് നൊവേറെയെ ലോകം വിലയിരുത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ജന്മദിനമായ ഏപ്രില്‍ 29 അന്തര്‍ദേശീയ നൃത്തദിനമായി ആചരിച്ചുവരുന്നു.

1727 ഏപ്രില്‍ 29 ന് ജനിച്ച നൊവേറെ 1810 നവംബര്‍ 19 ന് അന്തരിച്ചു. 1743 ല്‍ ഫൗണ്ടനേ ബ്ള്യൂവിലാണ് അദ്ദേഹം ആദ്യമായി നൃത്തം അവതരിപ്പിച്ചത്. ഓപ്പറ കമ്മ്യൂണിക്കിനു വേണ്ടി 1747 ല്‍, 20 കാം വയസില്‍ അദ്ദേഹം ആദ്യത്തെ ബാലെ രൂപകല്‍പ്പന ചെയ്തു.

അടുത്ത കൊല്ലം അദ്ദേഹത്തെ പ്രഷ്യയിലെ ഹെന്‍റി രാജകുമാരന്‍ ബര്‍ലിനിലേക്ക് ക്ഷണിച്ചുവെങ്കിലും അദ്ദേഹം സ്ട്രാസ് ബര്‍ഗ്ഗിലേക്കാണ് പോയത്. 1750 വരെ അവിടെ താമസിച്ച ശേഷം ലിയോണിലേക്ക് പോയി.

1755 ല്‍ ഗാരിക്കിന്‍റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ലണ്ടനിലെത്തി. അവിടെയും രണ്ട് കൊല്ലം താമസിച്ചു. ഇക്കാലമത്രയും അദ്ദേഹം വിവിധ ബാലെകള്‍ സംവിധാനം ചെയ്തുകൊണ്ടിരുന്നു.

1758 നും 60 നും ഇടയ്ക്ക് ലിയോണില്‍ അദ്ദേഹം ഒട്ടേറെ ബാലെകള്‍ രൂപകല്‍പ്പന ചെയ്തു. അതോടൊപ്പം നൃത്തത്തെ കുറിച്ചും ബാലകളെ കുറിച്ചും ഉള്ള അദ്ദേഹത്തിന്‍റെ സുചിന്തിതമായ എഴുത്തുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഈ കാലഘട്ടം മുതലാണ് നൊവേറെ സംവിധാനം ചെയ്ത ബാലെകള്‍ ലോക നൃത്ത രംഗത്ത് ഒരു വിപ്ളവമായി മാറിയത്.

1774 വരെ അദ്ദേഹത്തെ വുട്ടന്‍ബര്‍ഗിലെ കാള്‍ ഈഗന്‍ പ്രഭുവും ഓസ്ട്രിയയിലെ ചക്രവര്‍ത്തിനി മറിയ തെരേസയും ക്ഷണിച്ചുകൊണ്ടു പോയി നൃത്തം സംവിധാനം ചെയ്യിച്ചു.

1755 ല്‍ ഫ്രാന്‍സിലെ മേരി അന്‍റോണിറ്റെ രാജകുമാരിയുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തെ പാരീസ് ഓപ്പറെയുടെ തലവനായി നിയമിച്ചു.

വിയന്നയില്‍ ഒട്ടേറെ അരങ്ങുകളില്‍ ബലെ അവതരിപ്പിച്ച ശേഷം അദ്ദേഹം പാരീസില്‍ തിരിച്ചെത്തി. ഫ്രഞ്ച് വിപ്ളവത്തെ തുടര്‍ന്ന് കടുത്ത ദാരിദ്യ്രത്തിലേക്ക് വഴുതി വീഴും വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു.

സെയിന്‍റ് ജെര്‍മ്മൈ ന്‍ എന്‍ലായെയില്‍ 1810 ലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

എഴുത്തുകാരനും വിപ്ളവകാരിയുമായ വൊള്‍ട്ടയര്‍, സംഗീതജ്ഞനായ മൊസാര്‍ട്ട്, ഫ്രേഡ്രിക് ദി ഗ്രേറ്റ്, ഡേവിഡ് ഗാരിക്ക് തുടങ്ങിയ മഹാരഥന്മാര്‍ നൊവേറെയുടെ സുഹൃത്തുക്കളായിരുന്നു. നൃത്തത്തിന്‍റെ ഷേക്സ്പീയര്‍ എന്നായിരുന്നു ഗാരിക്ക് നൊവേറെയെ വിശേഷിപ്പിച്ചിരുന്നത്.

ലാ ടോയിലെറ്റെ ഡി വീനസ്, ലേ ജെലോസീസ് ഡൂ സിറൈല്‍, ലാ ഡോര്‍ കോണ്‍സൈറേ, ലേ ജെലോക്സ് സാന്‍സ് റൈവല്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ പേരുകേട്ട ബാലെകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :