പരശുരാമന്‍റെ വേഷം ഒരിക്കല്‍ കെട്ടി. പിന്നീട് 25 കൊല്ലത്തിന് ശേഷം-കഴിഞ്ഞ ജൂലയില്‍ ഗുരുവായൂരില്‍ വച്ച് വീണ്ടും അദ്ദേഹം പരശുരാമനായി.
പാരമ്പര്യമായ പല കഥകളി നിയമങ്ങളേയും രാമന്‍കുട്ടി നായര്‍ അനുസരിച്ചില്ല. കാഴ്ച തഴക്കങ്ങളെ അദ്ദേഹം പലപ്പോഴും വെല്ലുവിളിച്ചു. പക്ഷെ കാലാന്തരത്തില്‍ അദ്ദേഹത്തിന്‍റെ രീതി കഥകളിയുടെ പുതിയ വ്യാകരണമായി കാഴ്ചക്കാര്‍ സ്വീകരിക്കുകയാണുണ്ടായത്.
തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും നാരായണന്‍ നായരുടെയും മകനാണ് രാമന്‍ കുട്ടി നായര്‍. സരസ്വതിയമ്മയാണ് ഭാര്യ. നാരായണന്‍കുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടന്‍ എന്നിവര്‍ മക്കള്‍. രാമന്‍കുട്ടിനായരുടെ ഷഷ് ഠിപൂര്‍ത്തി വരെയുള്ള ആത്മകഥാകുറിപ്പായ തിരനോട്ടം ഒരു കാലഘട്ടത്തിന്‍റെ കഥകളി ചരിത്രമാണ്.
എണ്‍പത്തിമൂന്നാം വയസിലും രാമന്‍കുട്ടി നായര്‍ തിരക്കിലാണ്. യാത്രയും കുറവല്ല. പത്രക്കാരുമായുള്ള അഭിമുഖങ്ങള്‍, അടൂര്‍ നിര്‍മ്മിക്കുന്ന ഡോക്യുമെന്‍ററിക്കു വേണ്ടിയുള്ള വേഷം കെട്ടല്‍, ഇടയ്ക്കിടയുള്ള പരിശോധനയ്ക്കായി തിരുവനന്തപുരത്ത് പോകല്‍ എന്നിങ്ങനെ കൂസലില്ലാതെ ജീവിക്കുകയാണ് അദ്ദേഹം.
പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമമാണ് രാമന്‍കുട്ടി നായരുടെ മികവ്. അതോടൊപ്പം എന്തിനേയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുമുണ്ട്. അര്‍ബുദം പോലുള്ള രോഗങ്ങള്‍ പിടിമുറുക്കിയിട്ടും രാമന്‍കുട്ടി നായര്‍ തളരാതിരുന്നത് മനോബലം ഒന്നുകൊണ്ടു മാത്രമാണ്