ഉത്തര കേരളത്തിലെ നമ്പൂതിരിമാരുടെ പ്രധാന അനുഷ്ഠാന കലയാണ് തിടമ്പ് നൃത്തം. ദേവതാ രൂപങ്ങളുള്ള തിടമ്പ് തലയിലേറ്റി ക്ഷേത്രത്തിന് മുമ്പില്‍ വാദ്യങ്ങളുടെ അകമ്പടിയോടെ വട്ടത്തില്‍ ചുറ്റിയാണ് തിടമ്പ് നൃത്തം അവതരിപ്പിക്കുക.
ഈ ക്ഷേത്ര കലയ്ക്ക് 700 വര്‍ഷത്തിലേറെ പഴക്കമുണ്ട് എന്നാണ് അനുമാനിക്കുന്നത്. പരേതനായ വെത്തിരമന ശ്രീധരന്‍ നമ്പൂതിരിയെയാണ് തിടമ്പ് നൃത്തത്തിന്‍റെ പരമാചാര്യനായി കണക്കാക്കുന്നത്. മാടമന ശങ്കരന്‍ എമ്പ്രാന്തിരി, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ പുതുമന ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ പാരമ്പര്യം തുടര്‍ന്നതു കൊണ്ട് തിടമ്പ് നൃത്തം അന്യം നില്‍ക്കാതെ പോയി.
തിടമ്പ് നൃത്തത്തില്‍ ഭാവാഭിനയത്തിനോ ഭാവ പ്രകടനങ്ങള്‍ക്കോ സ്ഥാനമില്ല. ശ്രീകോവിലിന് മുമ്പില്‍ പതിവ് ആചാരാനുഷ്ഠാനങ്ങള്‍ നടത്തിയ ശേഷം നര്‍ത്തകന്‍ ക്ഷേത്രത്തിന് മുമ്പിലെ കൊടിമരത്തിനടുത്ത് എത്തുന്നു. പത്ത് - മുപ്പത് കിലോവരെ ഭാരം വരുന്ന തിടമ്പിന്‍റെ മാതൃക തലയിലേറ്റി നൃത്തം തുടങ്ങുന്നു.
ഒരു നമ്പൂതിരിയാണ് തിടമ്പ് തലയിലേറ്റുക. ഏഴ് ആളുകള്‍ വാദ്യക്കാരാണ്. വിളക്ക് പിടിക്കാന്‍ രണ്ട് പേര്‍ ഉണ്ടായിരിക്കും. അങ്ങനെ ആകെ പത്ത് പേരാണ് തിടമ്പ് നൃത്തത്തില്‍ പങ്കെടുക്കുക. കണ്ണൂര്‍ കാസര്‍ക്കോട് ജില്ലകളിലാണ് തിടമ്പു നൃത്തം അവതരിപ്പികക്കാറുള്ളത്.