സി.ജി.ഗോപിനാഥ് നാടകരംഗത്തെ ശ്രേഷ്ഠന്‍

ജനനം:1920 സെപ്റ്റംബര്‍ 20, മരണം :1987 മേയ് 27

WEBDUNIA|

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വിപ്ളവസന്ദേശങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിച്ച കാഥികനായ സി.ജി. ഗോപിനാഥ് പില്‍ക്കാലത്ത് കേരളത്തിലെ പ്രഫഷണല്‍ നാടക രംഗത്തെ ശ്രേഷ്ഠന്മാരില്‍ ഒരാളായി.

കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന തോപ്പില്‍ഭാസിയുടെ നാടകത്തില്‍ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രവേശം.

ചങ്ങന്പുഴയുടെ വാഴക്കുല ജനമധ്യത്തില്‍ പാടി അവതരിപ്പിച്ച് ജന്മിത്വത്തിനെതിരെ പോരാടാന്‍ പാവങ്ങളെ അണിച്ചേര്‍ത്തു. പാര്‍ട്ടിയുടെ തത്വങ്ങള്‍ വിശ്വസിച്ച് പാര്‍ട്ടിയ്ക്കു വേണ്ടി ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച ചെറുപ്പക്കരാനായിരുന്നു അദ്ദേഹം. അതിനായി കഥാപ്രസംഗകന്‍റെയും കവിയുടെയും കഥാകൃത്തിന്‍റെയും വിപ്ളവഗായകന്‍റെയും പ്രഭാഷകന്‍റെയും വേഷം കെട്ടി.

1952ല്‍ ചലനത്തിന്‍റെ പാട്ടുകള്‍ എന്ന ഗാനസമാഹാരം ഒ. മാധവനുമായി ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് തോപ്പില്‍ഭാസിയുടെ അവതാരികയോടുകൂടി മുന്നേറ്റം എന്ന കാവ്യസമാഹാരം പുറത്തിറക്കി. കുറെ ചെറുകഥകള്‍ ജനയുഗം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവെങ്കിലും കഥയെഴുത്ത് തുടര്‍ന്നില്ല. മറിച്ച് നടനായി തുടര്‍ന്നു.

മുടിയനായ പുത്രനിലെ ചാത്തന്‍ പുലയന്‍റെ വേഷത്തിലാണ് സി.ജി.ഏറെ ശോഭിച്ചത്. പുതിയ ആകാശം പുതിയ ഭൂമിയില്‍ തൊഴിലാളി നേതാവായും അശ്വമേധത്തില്‍ നായികയുടെ സഹോദരനായ സദാനന്ദനായും സി.ജി. ശോഭിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് കെ.പി.എ.സിയെയും കലാകാരന്മാരെയും ബാധിച്ചു. പലരും പല വഴിക്ക് തിരിഞ്ഞു. സി.ജി. 1985ല്‍ പീപ്പിള്‍സ് തിയേറ്റേഴ്സ് എന്ന പേരില്‍ കായംകുളത്ത് ഒരു നാടകട്രൂപ്പ് ആരംഭിച്ചു. കെ.പി.എ.സി. സുലോചന ഭദ്രദീപം കൊളുത്തി. സി.ജിയെ മലയാള നാടകരംഗത്തെ പ്രമുഖരില്‍ ഒരാളായി ഉയര്‍ത്തിയത് ഈ ട്രൂപ്പാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :