കുട്ടിത്തരം, ഇടത്തരം വേഷങ്ങളില്‍നിന്ന് ശ്രദ്ധേയമായ ചുവന്ന താടി വേഷത്തിലേയ്ക്ക് പാച്ചുപിള്ളയെ നയിച്ചത് പ്രസിദ്ധ താടിവേഷക്കാരനായിരുന്ന വെച്ചൂര്‍ രാമന്‍പിള്ളയാണ്. അദ്ദേഹത്തിന്‍റെ ഉപദേശം ഇപ്രകാരമായിരുന്നു: "", നീ താടിവേഷം കെട്ടണം. എല്ലാവര്‍ക്കും പറ്റില്ല താടിവേഷം കെട്ടാന്‍. നിന്‍റെ മുഖത്തുവരുന്ന ഭാവപ്രകാശമുള്ള രസം ക്രോധമാണ്. താടിവേഷത്തിനിണങ്ങുന്നതാണ് നിന്‍റെ ശരീരവും ശബ്ദവും.
തുടര്‍ന്ന് തകഴി, നെടുമുടി, മാത്തൂര്‍, കുറിച്ചി കഥകളിയോഗങ്ങളില്‍ പച്ച, കത്തിവേഷങ്ങള്‍ കെട്ടിനടന്നു . ഗുരുവിനോടൊപ്പം നിരവധി അരങ്ങുകളില്‍ ആടാന്‍ കഴിഞ്ഞത് തന്‍റെ വലിയ ഭാഗ്യമായി പാച്ചുപിള്ള കരുതുന്നു.
രാജഭരണകാലത്തും ജനാധിപത്യക്കാലത്തുമായി ഒട്ടേറെ പുരസ്കാരങ്ങള്‍ പാച്ചുപിള്ളയെ തേടിയെത്തി. തിരുവിതാംകൂര്‍ രാജ്യം വാണിരുന്ന മൂലം തിരുനാള്‍ മഹാറാണി, ചിത്തിര തിരുനാള്‍ മഹാരാജാവ് എന്നിവര്‍ പാച്ചുപിള്ളയെ ആദരിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ഫെലോഷിപ്പും, കേരള കലാമണ്ഡലം ഫെലോഷിപ്പ്, പട്ടിക്കാംതൊടി പുരസ്കാരം, വിവിധ കഥകളി ക്ളബ്ബുകളുടെയും സംഘടനകളുടെയും അവാര്‍ഡുകള്‍ എന്നിങ്ങനെ പുരസ്കാരങ്ങളുടെ പട്ടിക നീളുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി 1993-ല്‍ ഡല്‍ഹിയില്‍ നടത്തിയ കഥകളി മഹോത്സവം ഉദ്ഘാടനം ചെയ്തത് പാച്ചുപിളളയാണ്.
മഹാകവി വള്ളത്തോളിന്‍റെ വാത്സല്യത്തിനും അനുഗ്രഹത്തിനും പാത്രീഭൂതനായ ഈ അതുല്യനടന് കലാമണ്ഡലം രജത ജൂബിലി ആഘോഷവേളയില്‍ വള്ളത്തോളില്‍ നിന്ന് സ്വര്‍ണ്ണമെഡല്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി.