ഗുരു ഗോപിനാഥിന്‍റെ കേരള നടനം

ജി. വിനോദിനി

Guru Gopinath - Kerala Natanam- Scene from Manavajeevitham
file
ചുവടുകള്‍, മുദ്രകള്‍ അഭിനയം :

കഥകളിയിലെ സാത്വിക , ആംഗികാഭിനയ രീതികള്‍ ഏതാണ്ടതേപടി സ്വീകരിച്ച് , ശൈലീ പരമയാ മാറ്റം വരുത്തി. ഹസ്തലക്ഷണ ദീപിക പ്രകാരമുള്ള മുദ്രകളും നാട്യശാസ്ത്രപ്രകാരമുള്ള അഭിനയ വിധങ്ങളും ചുവടുകളും, കലാശങ്ങളും തീരുമാനങ്ങളുമെല്ലാം കഥകളിയിലുണ്ട്.

തോടയം, പുറപ്പാട് എന്നിവ അവതരണശൈലിയില്‍ മാറ്റം വരുത്തി കേരള നടനത്തിനു പറ്റിയ മട്ടിലാക്കിയിട്ടുണ്ട്.

പ്രത്യേകം വേഷമില്ല :

കഥകളിയിലെ ആഹാര്യാഭിനയ രീതി തീര്‍ത്തും ഉപേക്ഷിച്ചു. നൃത്തത്തെ സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലാവാനായി കഥാപാത്രങ്ങള്‍ക്ക്, അവരെ ആളുകള്‍ക്ക് തിരിച്ചറിയാന്‍ പാകത്തിലുള്ള വേഷഭൂഷാദികള്‍ നല്‍കി .

എന്നു മാത്രമല്ല കേരള നടനത്തിന് നിയതമായ വേഷം വേണ്ടെന്നും വച്ചു.
രാജാവിന് രാജാവിന്‍റെ വേഷം, താപസിക്ക് താപസിയുടെ വേഷം, ഭിക്ഷുവിന് അതിനു ചേര്‍ന്ന വേഷം, ശ്രീകൃഷ്ണന് കൃഷ്ണന്‍റെ വേഷം, എന്നിങ്ങനെ.

അല്ലാതെ അവതരിപ്പിക്കുന്നത് ഏത് കഥാപാത്രമായാലും നിശ്ഛിത വേഷത്തില്‍ ചെയ്യുക എന്ന ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസ്സി തുടങ്ങിയ നൃത്തങ്ങളുടെ രീതിയല്ല കേരള നടനം പിന്‍തുടരുന്നത്.

കഥകളിയെപ്പോലെ നാട്യം പ്രധാനം:

ഇതിനു മറ്റൊരു പ്രധാന കാരണം കഥകളിയെപ്പോലെ നാട്യപ്രധാനമാണ് കേരള നടനവും. കഥ അഭിനയിച്ചു കാണിക്കുകയാണ് ചെയുന്നത്. നൃത്ത നൃത്യ രീതികള്‍ കേരള നടനത്തില്‍ ഇല്ലെന്നല്ല. അടിസ്ഥാനപരമായി നാട്യാംശം മുന്തിനില്‍ക്കുന്നു എന്നു മാത്രം.

അഞ്ച് വിധം അവതരണം:

ഏകാംഗ നൃത്തം, യുഗ്മ നൃത്തം, സംഘ നൃത്തം, നാടക നടനം, ബാലെ എന്നിങ്ങനെ അഞ്ച് പ്രധാന രീതികളിലാണ് കേരള നടനം അവതരിപ്പിക്കാറ്.

കാളിയ മര്‍ദ്ദനം, ഗരുഢ നൃത്തം, ശിവതാണ്ഡവം, പൂതനാ മോക്ഷം, വേട നൃത്തം മയൂര നൃത്തം, ഭക്തിയും വിഭകതിയും എന്നിവ ഏകാങ്ക നൃത്തത്തിന് ഉദാഹരണം.

ശിവപാര്‍വതി, രാധാകൃഷ്ണ, രതിമന്മഥ നൃത്തങ്ങള്‍ യുഗ്മനൃത്തത്തിനുദാഹരണം. തോടയം, പുറപ്പാട്, പൂജാ നൃത്തങ്ങള്‍ കൊയ്ത്തു നൃത്തം തുടങ്ങിയവ സംഘനൃത്തത്തിന് ഉദാഹരണം

ഭഗവദ്ഗീത , മഗ്ദലന മറിയം, ചണ്ഡാല ഭിക്ഷുകി ,ചീതയും തമ്പുരാട്ടിയും, ഭസ്മാസുര മോഹിനി, സീതാപഹരണം, പാരിജാത പുഷ്പാപഹരണം, തുടങ്ങിയവ നാടക നടനത്തിന് ഉദാഹരണം.

ബാലേകള്‍: ഗുരുഗോപിനാഥ് സംവിധാനം ചെയ്ത രാമായണം, ശ്രീയേശുനാഥ വിജയം, മഹാഭാരതം ഐക്യ കേരളം സിസ്റ്റര്‍ നിവേദിത നാരായണീയം എന്നി ബാലേകളും നാടകനടനത്തിന്‍റെ ഉദാഹരണങ്ങളിലാണ്.

അവയില്‍ ചിലയിടത്ത് മറ്റു നൃത്ത ശൈലികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണം ദേവസദസ്സിലെ നൃത്തം. ഇവിടെ മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസ്സി, കുച്ചുപ്പുടി എന്നിവ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ഇതിനര്‍ത്ഥം കേരള നടനം ഇവയെല്ലാം ചേര്‍ന്നതാണ് എന്നല്ല. കേരളത്തിലെ വിവിധ നൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അവിയലാണ് കേരള നടനമെന്ന ധാരണയും - യുവജനോത്സവ മാന്വലിലെ നിര്‍വചനവും തെറ്റാണ്.

കര്‍ണ്ണാടക സംഗീതം, കേരളീയ വാദ്യങ്ങള്‍:

മറ്റൊരു പ്രധാന മാറ്റം വാചികാഭിനയത്തിലാണ്. പ്രത്യേകിച്ച് സംഗീതത്തില്‍. കഥകളിയിലെ സോപാന രീതിക്കു പകരം പ്രധാനമായും കര്‍ണ്ണാടക സംഗീത രീതിയാണ് കേരള നടനത്തിലുള്ളത്.

ആളുകള്‍ക്ക് മനസ്സിലാവാന്‍ അതാണല്ലോ എളുപ്പം. എന്നാല്‍ ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ കേരള നടനത്തിന് അനുപേക്ഷണീയമാണ്.

ഇടക്ക, പുല്ലാങ്കുഴല്‍, വയലിന്‍, മൃദംഗം എന്നിവയും ഹാര്‍മോണിയം, സിതര്‍, സാരംഗി തുടങ്ങിയ ഉത്തരേന്ത്യന്‍ സംഗീതോപകരണങ്ങളും കേരള നടനത്തില്‍ ഉപയോഗിക്കാറുണ്ട് .പ്രധാനമായും കേരളീയ വാദ്യങ്ങളാണ് ഉപയോഗിക്കാറ് എന്ന് സാമാന്യമായി പറയാം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :