രാഘവന്‍ മാസ്റ്റര്‍ വിടവാങ്ങി. അത് വിശ്വസിക്കാന്‍ മലയാളികള്‍ തയ്യാറല്ല. കാരണം അദ്ദേഹം സമ്മാനിച്ച നാടന്‍ ഈണങ്ങളായിരുന്നു മലയാളികളുടെ നിത്യജീവിതത്തിന്‍റെ ജീവശ്വാസം. ആ ഈണങ്ങള്‍ പ്രകൃതിയില്‍ നിലനില്‍ക്കുന്നിടത്തോളം രാഘവന്‍ മാസ്റ്റര്‍ക്കും മരണമില്ല.
കേരളീയത ഉള്‍ക്കൊള്ളുന്ന സംഗീതമായിരുന്നു രാഘവന്‍ മാസ്റ്ററുടേത്. അതിന് എന്നും യൌവനമാണ്. ഏത് ആള്‍ക്കൂട്ടത്തിലും ഏത് ആരവത്തിലും ആ സംഗീതം വേറിട്ട് നില്‍ക്കുന്നു. തനിയെ നില്‍ക്കുന്നു.
മലയാള സിനിമയില്‍ ഹിന്ദി ട്യൂണുകള്‍ കടമെടുത്ത് പാടിക്കൊണ്ടിരുന്ന കാലത്ത് ദക്ഷിണാമൂര്‍ത്തിസ്വാമി തുറന്നുവച്ച പരിവര്‍ത്തനത്തിന്‍റെ വഴിയിലൂടെ ആദ്യം നടന്നുകയറിയവരില്‍ പ്രധാനിയായിരുന്നു രാഘവന്‍ മാസ്റ്റര്‍. ഭാസ്കരന്‍ മാസ്റ്ററുടെ കൈപിടിച്ചായിരുന്നു ആ വരവ്.
കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നിവയായിരുന്നു രാഘവന്‍ മാസ്റ്ററുടെ ആദ്യ ചിത്രങ്ങള്‍. ഇവ രണ്ടും വെളിച്ചം കണ്ടില്ല. ‘കതിരുകാണാക്കിളി കതിരുകാണാതെ പോയി’ എന്നായിരുന്നു ഇതേക്കുറിച്ച് രാഘവന്‍ മാസ്റ്റര്‍ പ്രതികരിച്ചത്.
‘നീലക്കുയില്‍’ സംഭവിച്ചതോടെയാണ് രാഘവന്‍ മാസ്റ്ററുടെ സംഗീതത്തെ മലയാളം തിരിച്ചറിഞ്ഞത്. കായലരികത്ത് വലയെറിഞ്ഞ ആ നാടന്‍ ഗീതം ഇന്നും മലയാളികള്‍ പാടിനടക്കുന്നു. അതിന് ശേഷം അതേ പാത ‘രാരിച്ചന്‍ എന്ന പൌരനി’ല്‍ പിന്തുടര്‍ന്നു.
‘നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം’, ‘പണ്ടുപണ്ണ്ടുപണ്ട് നിന്നെ കണ്ടനാളെയാ...’ - തുടങ്ങിയ മലയാളത്തനിമയുടെ ഗാനങ്ങളെ ആസ്വാദകര്‍ മനസിനോട് ചേര്‍ത്തുവച്ചു. എന്നാല്‍ നാടന്‍ പാട്ടുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല രാഘവന്‍ മാസ്റ്ററുടെയുള്ളിലെ സംഗീതസമുദ്രം.
‘മഞ്ജുഭാഷിണീ...’ എന്ന സെമി ക്ലാസിക്കല്‍ ഗാനത്തിലൂടെ വിസ്മയം സൃഷ്ടിച്ച രാഘവന്‍ മാസ്റ്റര്‍ ‘അന്നുനിന്നെ കണ്ടതില്‍ പിന്നെ’ അനുരാഗമെന്തെന്ന് അറിയിച്ചുകൊണ്ട് മലയാളികളെ പ്രണയവിവശരുമാക്കി. അദ്ദേഹം ഈണമിട്ട അഞ്ഞൂറോളം പാട്ടുകള്‍, അവസാനം ചെയ്ത ബാല്യകാലസഖി വരെ സംഗീതാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.