വിട പറഞ്ഞത് ശുദ്ധസംഗീതത്തിന്റെ അമരക്കാരന്‍, ശൈവ ഗായകന്‍
WEBDUNIA|
PRO
PRO
പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യയ്ക്ക് തിരശീല വീണു. ആരാധകരുടെയും ശിഷ്യരുടെയും പ്രിയപ്പെട്ട ദക്ഷിണാമൂര്‍ത്തി സ്വാമി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. കടുത്ത ശിവഭക്തനായിരുന്നു ശുദ്ധസംഗീതത്തിന്റെ അമരക്കാരനായ ഈ സാത്വികന്‍. തന്നെ ഒരു ശൈവഗായകനായാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. മലയാളിയുടെ ഹൃദയത്തില്‍ എന്നും ചേര്‍ത്തുവെച്ച ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞവയാണ്. പാരമ്പര്യത്തിലൂന്നിയ കര്‍ണാടകസംഗീതത്തിന്റെ ചിട്ടവട്ടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീതസംവിധാനം.
പാര്‍വതി അമ്മാളുടേയും ഡി വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22-ന് ആലപ്പുഴയില്‍ ജനനം. ചെറുപ്പം മുതല്‍ക്കേ സംഗീതത്തില്‍ ഉള്ള താത്പര്യം മൂലം അമ്മ പാര്‍വതി അമ്മാളാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഇദ്ദേഹത്തിന് പഠിപ്പിച്ച് കൊടുത്തത്. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളും മറ്റും ചെറുപ്പത്തില്‍ തന്നെ ദക്ഷിണാമൂര്‍ത്തി മനസ്സിലാക്കിയിരുന്നു. പത്താം ക്ലാസ്സിനു ശേഷമാണ് ദക്ഷിണാമൂര്‍ത്തി കര്‍ണ്ണാടിക് സംഗീതം അഭ്യസിക്കുന്നത്. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു.
കെ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ശ്രീകുമാരന്‍ തമ്പി രചിച്ച ധാരാളം ഗാനങ്ങള്‍ക്കും ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്നിട്ടുണ്ട്. പ്രശസ്തരായ പല ഗായകരുടേയും, സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി. ലീല, പി സുശീല, കല്ല്യാണി മേനോന്‍, ഇളയരാജ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.