വിഖ്യാത സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. ചെന്നൈ മൈലാപ്പൂരിലെ വസതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. 94 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെക്കാലമായി ക്ഷീണിതനായിരുന്നു.
125ലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മൊത്തം കണക്കെടുത്താല്‍ 859 പാട്ടുകള്‍ക്കാണ് അദ്ദേഹം സംഗീതം നല്‍കിയത്. 2008ല്‍ പുറത്തിറങ്ങിയ ‘മിഴികള്‍ സാക്ഷി’യാണ് ദക്ഷിണാമൂര്‍ത്തി സംഗീത സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം. മിഴികള്‍ സാക്ഷിയിലെ നാലുഗാനങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നിര്‍വഹിച്ചത്.
മലയാളം, തമിഴ്, ഹിന്ദി സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ചരിത്ര വിജയങ്ങളായി. യേശുദാസ് അടക്കമുള്ളവരുടെ ഗുരുസ്ഥാനീയനായിരുന്നു. അര്‍ദ്ധശാസ്ത്രീയ ഗാനങ്ങളായിരുന്നു ദക്ഷിണാമൂര്‍ത്തിയുടേത്.
പി ഭാസ്കരന്‍ - ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടുകള്‍ ഒരുകാലത്ത് മലയാളത്തില്‍ തരംഗം സൃഷ്ടിച്ചു. സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..., ഉത്തരാ സ്വയംവരം..., കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും..., വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം...., നനഞ്ഞുനേരിയ പട്ടുറുമാല്‍... തുടങ്ങി ദക്ഷിണാമൂര്‍ത്തി സ്വാമി ഈണമിട്ട ഗാനങ്ങള്‍ ഒരിക്കലും മരണമില്ലാത്തവയായി നിലനില്‍ക്കുന്നു.
അരനൂറ്റാണ്ടുനീണ്ടുനിന്ന സംഗീത ജീവിതത്തിനാണ് ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ മരണത്തോടെ തിരശ്ശീല വീണിരിക്കുന്നത്.
1919 ഡിസംബര്‍ 22ന് വെങ്കിടേശ്വര അയ്യരുടെയും പാര്‍വതി അമ്മാളുടെയും മകനായാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന തിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയില്‍ വെങ്കിടേശ്വരന്‍ ദക്ഷിണാമൂര്‍ത്തി എന്ന വി ദക്ഷിണാമൂര്‍ത്തി ജനിച്ചത്. അമ്മയില്‍ നിന്നാണ് ത്യാഗരാജ കീര്‍ത്തനങ്ങള്‍ ദക്ഷിണാമൂര്‍ത്തി പഠിക്കുന്നത്. പത്താം ക്ലാസ് പഠനത്തിന് ശേഷം വെങ്കിടാചലം പോറ്റിയില്‍ നിന്ന് അദ്ദേഹം കര്‍ണാടക സംഗീതം അഭ്യസിച്ചു. നല്ലതങ്ക ആയിരുന്നു ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനം നിര്‍വഹിച്ച ആദ്യചിത്രം.
1971ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ദക്ഷിണാമൂര്‍ത്തിക്ക് ലഭിച്ചു. 1998ല്‍ ജെ സി ഡാനിയല്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.