ലോഹിതദാസ് - ജീവിതങ്ങള്‍ ഭൂതക്കണ്ണാടിയിലൂടെ കണ്ടവന്‍ !

രവിശങ്കരന്‍

PRO
എന്നാല്‍ ഇതായിരുന്നില്ല, പത്മരാജന്‍റെയോ എം ടിയുടെയോ സിനിമകളില്‍ കാണാനായത്. ചന്തു വീരപുരുഷനായിരിക്കാം. പക്ഷേ ഇത്രയും വാചാലനും വാഗ്‌മിയുമാകുന്നതെങ്ങനെ. ചന്തുവിനെ വിടാം, അതിന്‍റെ ഹീറോയിസത്തിന് ആ പ്രയോഗങ്ങള്‍ നല്ലതാണ്. എം ടിയുടെ കഥാപാത്രങ്ങളായ റഷീദും(പഞ്ചാഗ്‌നി), രവിശങ്കറും (സുകൃതം), പെരുന്തച്ചനും, ഒരു ചെറുപുഞ്ചിരിയില്‍ ഒടുവില്‍ അവതരിപ്പിച്ച നായകനും, ഉത്തരത്തിലെയും പരിണയത്തിലെയും ജാനകിക്കുട്ടിയിലെയും കഥാപാത്രങ്ങളെയും പരിശോധിച്ചാല്‍ മനസിലാകും, ഏവര്‍ക്കുമുണ്ട് അതിവാചാലത. അത് എം ടിയുടെ സംഭാഷണരചനാ ശൈലിയാണ്. അവിടെ കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ ഇടം ഇല്ലാതാകുന്നു.

ഈ വാചാലത പത്മരാജന്‍ കഥാപാത്രങ്ങള്‍ക്കുമുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സംഭാഷണങ്ങളുടെ അതിപ്രസരം കൊണ്ട് അലോസരം തോന്നുന്ന സിനിമയാണ് കരിയിലക്കാറ്റു പോലെ. ഇതിന്‍റെ മറ്റൊരു പതിപ്പാണ് ഈ തണുത്ത വെളുപ്പാന്‍ കാലത്ത്. ഇടവേള എന്ന ചിത്രത്തിലെ വിദ്യാര്‍ത്ഥികളും അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ കൂട്ടുകാരും സംഭാഷണങ്ങളുടെ കാര്യത്തില്‍ സാദൃശ്യമുള്ളവരാണ്.

വടക്കന്‍ വീരഗാഥയിലെ ചന്തുവിന് എം ടി എത്രമാത്രം കൃത്രിമമായ സംഭാഷണങ്ങള്‍ സൃഷ്ടിച്ചോ അതുപോലെ ഞാന്‍ ഗന്ധര്‍വനു വേണ്ടി പത്മരാജനും വടിവൊത്ത സാഹിത്യമെഴുതി. മൂന്നാം പക്കത്തിലെ ഭാസിയും മുത്തച്ഛനും, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും, മുന്തിരിത്തോപ്പുകളിലെ സോളമനുമെല്ലാം ഇത്തരം വെര്‍ബല്‍ ഡയറിയയ്ക്ക് വിധേയരാണ്. എന്തു കൊണ്ട് സോളമന്‍ സോളമന്‍റേതു മാത്രമായ ഒരു ഭാഷ സൃഷ്ടിക്കുന്നില്ല. എന്തുകൊണ്ട് ദേശാടനക്കിളികളിലെ നായകന്‍ ഇത്ര വാചാലനാകുന്നു?

ഇവിടെയാണ് ലോഹിതദാസ് സൃഷ്ടിച്ച കഥാപാത്രങ്ങളുടെ മേന്‍‌മ. കല്‍പ്പറ്റ നാരായണന്‍റെ വീക്ഷണം പോലെ, കുടുംബപുരാണത്തിലെ തിലകന്‍റെ കഥാപാത്രത്തിനുള്ള വാചാലത ആ കഥാപാത്രത്തിന്‍റേതു മാത്രമാണ്. മറ്റു കഥാപാത്രങ്ങളിലേക്കോ മറ്റ് സിനിമകളിലേക്കോ അത് പടരുന്നില്ല. ഓരോ ജീവിത സാഹചര്യങ്ങളിലും സാധാരണക്കാരായ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നു, സംസാരിക്കുന്നു എന്നതാണ് ലോഹിയുടെ കഥകളുടെ വളര്‍ച്ചാവഴി.

മറ്റൊന്ന് കഥാപശ്ചാത്തലങ്ങളുടെ കാര്യമാണ്. ലോഹിയെപ്പോലെ ഇത്രയും വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിലില്ല. ആശാരിയും മൂശാരിയും കൊല്ലനും ചായക്കടക്കാരനും പൊലീസുകാരനും കൊലയാളിയുമെല്ലാം ആ തൂലികയില്‍ നിന്ന് ജനിച്ചു. ജാതീയമായ വ്യത്യസ്തത ഇത്രയേറെ അനുഭവിപ്പിച്ച തിരക്കഥാകൃത്തും ലോഹിതദാസിനോളം മറ്റൊരാളില്ല. കസ്തൂരിമാനില്‍ നായരും ഈഴവനും ക്രിസ്ത്യാനിയുമുണ്ട്. ഭൂതക്കണ്ണാടിയിലെ നായിക പുള്ളുവത്തിയാണ്. നായരില്‍ താണ ഹൈന്ദവ കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ഭയപ്പെടുന്ന തിരക്കഥാകൃത്തുക്കള്‍ വാഴുന്ന കാലമാണിതെന്നോര്‍ക്കണം. ഈ വ്യത്യസ്തത നല്‍കാന്‍ എം ടിക്കോ പത്മരാജനോ പോലും കഴിഞ്ഞിട്ടില്ല.

WEBDUNIA|
അടുത്ത പേജില്‍ - പത്മരാജന് കാല്‍പനികത ദൌര്‍ബല്യമായി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :