പേരറിയാത്ത മരങ്ങള്‍ക്കും വിലാസം നഷ്ടപ്പെട്ട കൂട്ടുകാര്‍ക്കും ജീവിതം സമര്‍പ്പിച്ച തീര്‍ഥാടകനായ കവി

തിരുവനന്തപുരം| WEBDUNIA|
PRO
"വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു
കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്‌തകക്കൂട്ടങ്ങള്‍,
പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്‌,
കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍"

ഓരോ യാത്രകളും വീട്ടിലേക്കുള്ള വഴിതേടിയുള്ള യാത്രകളായിരുന്നു കവി ഡി വിനയചന്ദ്രന്. തന്റെ സമസ്തകേരളം പിഒ എന്ന സമാഹാരം പേരറിയാത്ത മരങ്ങള്‍ക്കും വിലാസം നഷ്ടപ്പെട്ട കൂട്ടുകാര്‍ക്കുമാണ് സമര്‍പ്പിച്ചത്. കാരണം കൂട്ടുകാരും മരങ്ങളും പുഴയുമെല്ലാമായിരുന്നു വിനയചന്ദ്രന്റെ എല്ലാമെല്ലാം‍. കവിതയായിരുന്നു ജീവിതസഖി അതിനാല്‍ മറ്റൊരു സ്ത്രീയെ ജീവിതത്തിലേക്ക് ക്ഷണിച്ചില്ല.

1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലായിരുന്നു ജനനം. പ്രീ യൂണിവേഴ്‌സിറ്റിക്കും ഡിഗ്രിക്കും ഡി വിനയചന്ദ്രന്‍ പഠിച്ചത് തിരുവനന്തപുരത്താണ്. ഇന്റര്‍മീഡിയറ്റ് കോളജിലും യൂണിവേഴ്‌സിറ്റി കോളജിലും. ‘അജ്‌ഞേയവും അദ്ഭുതപരിവേഷമുള്ളതുമായിരുന്നു തന്റെ കൗമാരഭാവനയില്‍ തിരുവനന്തപുരമെന്ന്‘ വിനയചന്ദ്രന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

വാവിട്ടുകരഞ്ഞാണ് താന്‍ തിരുവനന്തപുരത്ത് പഠിക്കാനുള്ള ആഗ്രഹം സാധിപ്പിച്ചതെന്ന് വിനയചന്ദ്രന്‍ ഓര്‍മ്മിച്ചെടുക്കുന്നു. അന്ന് കല്ലടയില്‍നിന്ന് അപൂര്‍വമായി കോളജില്‍ പോയിരുന്നവരെല്ലാം അന്നന്ന് ബസ് കയറി കൊല്ലത്ത് പോയാണ് പഠിച്ചിരുന്നത്. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കാണ് അന്ന് ഗവണ്‍മെന്റ് കോളജുകളില്‍ സാധാരണ പ്രവേശനം ലഭിക്കുക. എന്‍ കൃഷ്ണപിള്ള സാറായിരുന്നു പ്രിന്‍സിപ്പലെന്നും. മലയാളം വിഭാഗത്തില്‍ കോളജ് മാഗസിനില്‍ ആദ്യത്തെ ഇനമായി തന്നെ വിനയചന്ദ്രന്റെ കവിത അച്ചടിച്ചു വന്നു. കാരേറ്റുകാരന്‍ സഹപാഠി ഇഷ്ടത്തില്‍ 'കവി' എന്നു വിളിച്ചുതുടങ്ങിയത് എല്ലാവരും ഏറ്റുവിളിക്കുകയായിരുന്നുവെന്നും വിനയചന്ദ്രന്‍ എഴുതി.

ഹരികുമാരന്‍നായര്‍ എന്ന സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ 'ദ്രുത കവിതാമത്സര'ത്തില്‍ പങ്കെടുത്ത് ഒന്നാം സമ്മാനംനേടിയതായിരുന്നു ആദ്യത്തെ പാരിതോഷികം. അതിന് എന്‍ കൃഷ്ണപിള്ള കൈയൊപ്പിട്ട കവിതാസമിതിയുടെ ഒരു പുസ്തകമാണ് പാരിതോഷികമായി ലഭിച്ചത്. പാലാ നാരായണന്‍ നായര്‍, ഏവൂര്‍ പരമേശ്വരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ 'കവിതാരംഗം' എന്ന പേരില്‍ പ്രതിമാസ കവിസംഗമം നടന്നിരുന്നു. അതിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും വിനയചന്ദ്രന്‍ ആയിരുന്നു.

പട്ടാമ്പിയിലെ പഠിത്തംകഴിഞ്ഞാണ് ആദ്യമായി കോളജധ്യാപകനായി തലശ്ശേരി-ധര്‍മടം ഗവണ്‍മെന്റ് കോളജില്‍ എത്തിച്ചേരുന്നത്.1993 മുതല്‍ എം ജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്ധ്യാപകനുമായിരുന്നു.

ഒരു സാഹിത്യവിവാദം വിനയചന്ദ്രനെയും എതിര്‍കക്ഷിയെയും നരകത്തിലേക്ക് വലിച്ചിഴച്ചതാണ് അദ്ദേഹത്തിന്റെ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന പുസ്തകത്തിലെ സമര്‍പ്പണവാചകങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. ഒരേ കോളജില്‍ ഒരേ വകുപ്പില്‍ അധ്യാപകരായി ജോലിചെയ്യുമ്പോള്‍ എംകൃഷ്ണന്‍ നായരും ഡിവിനയചന്ദ്രനും അദ്ദേഹത്തിന്റെ ഒരു കവിതയുടെ പേരില്‍ കൊമ്പുകോര്‍ത്തതിനൊടുവില്‍ വിനയചന്ദ്രന് കോളജ് അധികൃതര്‍ മെമ്മോ സമര്‍പ്പിച്ചതിന്റെ ഓര്‍മപ്പെടുത്തലാണത്. ഇവരുടെ സംവാദങ്ങള്‍ സാഹിത്യകാ‍ര്‍ക്കിടയിലും ആസ്വാദകര്‍ക്കിടയിലും അനവധി അവിസ്മരണീയ നിമിഷങ്ങള്‍ക്ക് കാരണമായി. മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായി.

വിനയചന്ദ്രന്‍ മലയാളത്തില്‍ കാല്പനികകവികള്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പിന്നെ ഞാന്‍” എന്ന് ഒരു ലേഖനത്തില്‍ എഴുതുകയും, കൃഷ്ണന്‍ നായര്‍ അതിനെതിരെ നക്ഷത്രമെവിടെ? പുല്‍ക്കൊടിയെവിടെ? എന്ന് വാരഫലത്തില്‍ എഴുതുകയുമുണ്ടായി.

കവിതയെഴുതി തന്റെ ദ്രാവിഡ താളത്തില്‍ പാടിക്കേള്‍പ്പിച്ച് പ്രസിദ്ധീകരിക്കുന്ന ഈ കവി സുഹൃത്തുക്കള്‍ക്കായി എപ്പോഴും വീടിന്റെ വാതായനങ്ങള്‍ തുറന്നിട്ട് തന്നെ താനാക്കിയ തലസ്ഥാനത്തു തന്നെയായിരുന്നു തങ്ങിയിരുന്നത്. പ്രണയവും രതിയും കവിതകളില്‍ തുറന്നുകാട്ടുന്ന ദാര്‍ശികനായിരുന്നു ഡി വിനയചന്ദ്രന്‍. ഓരോ യാത്രകളും കവിതകള്‍ക്കുള്ള ആമുഖങ്ങളും. വ്യത്യസ്ത അനുഭവലോകങ്ങളെ ആവിഷ്കരിക്കുന്ന ഈ കവിതകള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലും പ്രലോഭിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :