ആനപ്പക വീണ്ടും ആളെകൊല്ലുമ്പോള്‍?

തൃശൂര്‍| WEBDUNIA|
PRO
ഉത്സവ സീസണുകള്‍ക്ക് വീണ്ടും തുടക്കമായപ്പോള്‍ ഒരു ആനപ്പക വീണ്ടും മൂന്ന് ജീവിതങ്ങള്‍ അപഹരിച്ചു. അതും ആനപ്രേമികളെ ആവേശത്തേരിലാറാടിക്കുന്ന ഗജരാജന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ കലി.

പെരുമ്പാവൂരില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ഈ ആനയുടെ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം ഇരുപതോളം പേര്‍ക്കു പരുക്ക്‌. പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിലാണു സംഭവമുണ്ടായത്. എഴുന്നള്ളിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ പരിശോധിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്രേ. പൂര്‍ണ്ണമായും കുറ്റം ആനയുടെ മസ്തകത്തില്‍ മാത്രം കെട്ടിവെയ്ക്കുന്നതിനു മുന്‍പ് ആനപ്രേമവും ദൈവികസങ്കല്‍പ്പങ്ങളും മാറ്റിവെച്ച് നമുക്ക് ഈ സഹ്യന്റെ മക്കളെ ഒന്നു നോക്കാം.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. ഇന്ത്യയിലെ തന്നെ ഏറ്റവും പൊക്കം കൂടിയ ആനയാണിതെന്ന് പറയപ്പെടുന്നു. മോത്തി പ്രസാദ്‌ എന്നായിരുന്നു അവന്റെ പഴയ പേര്. 18 വയസ്സുള്ളപ്പോള്‍ ബീഹാറില്‍ നിന്നും കൊണ്ട് വന്നതാണ് അവനെ. ചട്ടം പഠിപ്പിക്കുന്നതിനിടയില്‍ നമ്മുടെ പാപ്പാന്മാര്‍ അവന്റെ ഒരു കണ്ണ് അടിച്ചു പൊട്ടിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

ഇടതുവശത്ത് ഇരുട്ടായതിനാല്‍ ഈ ആനയ്ക്ക് പേടി കൂടുതലാണ്. ഇപ്പോള്‍ വലതുകണ്ണിന്റെ കാഴ്ചയും ഏതാണ്ടു പകുതി നഷ്ടപ്പെട്ടു. പാപ്പാന്റെ സഹായം കൊണ്ട് മാത്രം സഞ്ചരിക്കുന്ന ഒരു കുട്ടിയുടെ ബുദ്ധിപ്പോലുമില്ലാത്ത ദുര്‍ബലജീവിയാണവന്‍. ഇവനാണ് ആള്‍ക്കൂട്ടങ്ങളുടെയും ആരവങ്ങളുടെയും ചെവിതകര്‍ക്കുന്ന കതിനാ, തായമ്പകയുടെ നടുവില്‍ ജനങ്ങള്‍ക്ക് സന്തോഷം പകര്‍ന്നു നില്‍ക്കേണ്ടത്.

കുറച്ച് കാലം മുന്‍പ് പാപ്പാന്‍മാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ അര്‍ജ്ജുന്‍ ചരിഞ്ഞു. അന്ന് ആനകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകകളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഗുരുവായൂര്‍ കണ്ണന്റെ ആനക്കൊട്ടിലില്‍ ഒരു മൂക രക്തസാക്ഷി നിന്നിരുന്നു. മുറിവാലന്‍ മുകുന്ദനെന്നറിയപ്പെടുന്ന ഗുരുവായൂര്‍ മുകുന്ദനെന്ന ആന.

നേരെ നില്‍ക്കാന്‍ പോലും കഴിവില്ലാതെ മൂന്നുകാലില്‍ നില്‍ക്കുന്ന അവന്‍ പക്ഷേ ഒരു അത്ഭുതജന്മമാണ്. കീഴടക്കാന്‍ കഴിയാത്ത വ്യക്തിത്വം. മനുഷ്യന്റെ ദുരയ്ക്കു മുന്നില്‍ കീഴടങ്ങാത്ത വന്യത്വം.

ഗുരുവായൂര്‍ കണ്ണന്റെ ആനക്കോട്ടയില്‍ അനുസരണക്കേടിന്റെ ആനരൂപമായി ഒരു മൂലയില്‍ അധികം ആരെയും അടുപ്പിക്കാതെയാണ്‌ അവന്റെ നില്‍പ്പ്‌. ലോഹ്യം കൂടാനും അധികാരത്തിന്റെ തോട്ടിക്കോലുമായി ചെല്ലുന്നവരെയും അവന്‍ പറപറപ്പിക്കും.

കുട്ടിയാനയായി പന്തിയിലെത്തിയ കാലം മുതല്‍ തന്റെ സൂചിക്കൊമ്പില്‍ അവന്‍ പാപ്പാന്മാരെ കുരുക്കി. അടിച്ചൊതുക്കുവാനുള്ള ശ്രമത്തിനിടയില്‍ അവന്റെ ഒരു കാലിനു പരിക്കുപറ്റി. കൂടാതെ ചങ്ങലയുരഞ്ഞുള്ള വ്രണങ്ങളും. പ്രാണന്‍പോകുന്ന വേദനയിലും ആ സഹ്യന്റെ മസ്തകം ഉയര്‍ന്നു തന്നെ നിന്നിരുന്നു. കീഴ്ടങ്ങുകയില്ലെന്ന വാശിയോടെ.

അടുത്ത പേജ്- കൂച്ചുചങ്ങല പൊട്ടുന്ന ആനകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :