സൂര്യനെല്ലി പെണ്‍കുട്ടി വേട്ടയാടപ്പെട്ടതിന്‍റെ രാഷ്ട്രീയം

ഹരികൃഷ്ണന്‍ നായര്‍

WEBDUNIA|
PRO
മൃഗത്തെപ്പോലെ വേട്ടയാടപ്പെട്ട ഒരു പെണ്‍കുട്ടി കേരളത്തിന്റെ വേദനയാണ്. അവളെ കെണിയില്‍ കുരുക്കിയ മനുഷ്യമൃഗങ്ങള്‍ നിയമത്തിന്റെ പിടിയിലായപ്പോള്‍ നാം ആശ്വസിച്ചു. പക്ഷേ അതു താത്കാലികം മാത്രമായിരുന്നു. ഇതെല്ലാം പെണ്‍കുട്ടിയുടെ കുറ്റമാണെന്ന രീതിയില്‍ വിധി വന്നപ്പോള്‍ ആ പെണ്‍കുട്ടിയുടെ കുടുംബം തകര്‍ന്നു. പോരാട്ടത്തിന്റെ നാള്‍വഴിയില്‍ തെറ്റുകാര്‍ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. അല്‍പ്പം വൈകിയെങ്കിലും രാജ്യത്തിന്റെ പരമോന്നത കോടതി ആ ആവശ്യം അംഗീകരിച്ചിരിക്കുന്നു. 35 പ്രതികളെയും ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്നാണ് ഉത്തരവ്. ഇവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

എങ്കിലും ചോദ്യങ്ങള്‍ ബാക്കിയാണ്. ആരൊക്കെയാ‍യിരുന്നു നാടിനെ നടുക്കിയ ആ പീഡനപരമ്പരയുടെ പിന്നില്‍? ഒരു ഉന്നത രാഷ്ടീയ നേതാവിന്റെയും ചാനല്‍ പ്രമുഖന്റെയുമൊക്കെ പേരുകള്‍ ഇതിനിടെ പറഞ്ഞു കേട്ടു.

16 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1996 ജനുവരി 16നാണ് ഇടുക്കി ജില്ലയിലെ സൂര്യനെല്ലി എന്ന ഗ്രാമത്തില്‍നിന്നും ഒന്‍പതാം ക്ലാസുകാരിയെ കാണാതാവുന്നത്. 40 ദിവസം നാല്‍‌പതിലേറെ പേരുടെ മൃഗീയതയ്ക്ക് ഇരയായ ശേഷം ഫെബ്രുവരി 26ന് പെണ്‍കുട്ടി തിരികെയെത്തി. വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു.

ലൈംഗികപീഡനത്തിന് ഇരയായതിന്റെ പേരില്‍ ആ കുടുംബം ഒന്നടങ്കം സമൂഹത്തില്‍ ഒറ്റപ്പെട്ടു. സമൂഹമധ്യത്തില്‍ വിചാരണ ചെയ്യപ്പെട്ടു. ഉന്നത രാഷ്ടിയക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ ‍- ഇവരില്‍ ചെറിയൊരു വിഭാഗം പ്രതികള്‍ക്കായി നിലകൊണ്ടു. ഇതിനിടെ കോട്ടയം ജില്ലയിലേക്ക് താമസം മാറിയ ആ കുടുംബം സമാധാനത്തോടെ ജീവിതം തുടങ്ങി. എന്നാല്‍ വിധി അവിടെയും പ്രതികൂലമായി. വീട്ടിലേക്ക് ഫോണിലൂടെയും അല്ലാതെയും ഭീഷണികള്‍. വാണിജ്യനികുതി ഓഫീസില്‍ പ്യൂണായി ജോലി ചെയ്തു വന്ന പെണ്‍കുട്ടിയെ പണാപഹരണകേസില്‍ കുടുക്കാനുള്ള ബോധപൂര്‍വമായ ശ്രമം. ഇതു മതിയായിരുന്നു ആ കുടുംബത്തില്‍ അസാമാധാനത്തിന്റെ കരിനിഴല്‍ വീണ്ടും വീഴാന്‍. അതുകൊണ്ട് തന്നെ സുപ്രീംകോടതി വിധി അവര്‍ക്ക് ഒരാശ്വാ‍സമാണ്.

എങ്കിലും നിരാലംബമായ ഒരു കുടുംബത്തെ വേട്ടയാടുന്നതിന്റെ രാഷ്ട്രീയമെന്താണ്? സര്‍ക്കാരിനെപ്പോലും സംശയത്തോടെ കാണാന്‍ കഴിയൂ എന്ന് ജനം അടക്കം പറയുന്നിടത്ത് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. താമസിച്ചാണെങ്കിലും കിട്ടിയ നീതി വിലപ്പെട്ടതാണ്. ആ നരാധന്മാരെ വെളിച്ചത്തുകൊണ്ടു വരാന്‍ ഈ വിധി സഹായകമാകുമോ? ഒരുപാട് കാര്യങ്ങള്‍ക്ക് ഉത്തരം ബാക്കിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :