കോണ്‍ഗ്രസില്‍ നിന്ന് ദളിത് പ്രധാനമന്ത്രി!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നോയിഡയില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വിവാദപാര്‍ക്കിന്റെ ഉത്ഘാടനവേളയില്‍ മായാവതിയാണ് ഇന്ത്യയ്ക്കൊരു ദളിത് പ്രധാനമന്ത്രി എന്ന വാദവുമായി രംഗത്തെത്തിയത്. പ്രമുഖ ദളിത് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ച പാര്‍ക്കിനെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത് ദളിത വിരുദ്ധ നയത്തിന്റെ ഭാഗമായാണെന്ന് മായാ‍വതി കുറ്റപ്പെടുത്തികയും ചെയ്തു.

എന്നാല്‍ ദളിത് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. കോണ്‍ഗ്രസിന് സമീപഭാവിയില്‍ ഒരു ദളിത് പ്രധാനമന്ത്രിയുണ്ടായേക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ്‌ അനില്‍ ശാസ്‌ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാല്‌ ദളിത്‌ മുഖ്യമന്ത്രിമാര്‍ക്ക്‌ പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്. ഇനി ഒരു ദളിത് പ്രധാനമന്ത്രിയുണ്ടാകുന്ന കാലം വിദൂരമല്ല- ശാസ്‌ത്രി ട്വീറ്റ് ചെയ്തു. ദളിത് വിഭാഗത്തില്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യ മായാവതി മാത്രമല്ലെന്നും, മറ്റു പലരുമുണ്ടെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയിട്ട് കാര്യമില്ലെന്ന് മായാവതി പറഞ്ഞിരുന്നു. ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാറിനോ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്കോ ആ പദവി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മന്‍‌മോഹന്‍ സിംഗ് രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദളിത് പ്രധാനമന്ത്രിയെയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതെങ്കില്‍ നറുക്ക് വീഴുന്നത് ആര്‍ക്കായിരിക്കാം എന്ന് കാത്തിരുന്നു കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :