അണ്ണാ ഹസാരെ, പരാജയപ്പെട്ടതാര്?

-രവിചന്ദ്രന്‍

WEBDUNIA|
PTI
അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ നടത്തിയ സമരം അരാഷ്ട്രീയമായിരുന്നോ? അതില്‍ വിജയം വരിക്കാന്‍ ഹസാരെയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞോ? ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഇക്കഴിഞ്ഞ പ്രതിഷേധത്തെ മാത്രമല്ല ഇനിയും നടക്കാനിരിക്കുന്ന ഹസാരെയുടെ സമരങ്ങളെ കൂടി വിലയിരുത്തുന്നതിന് സഹായകമാവും.

ജനലോക്പാല്‍ ബില്ലിന് വേണ്ടി നടത്തിയ പന്ത്രണ്ട് ദിവസത്തെ നിരാഹാര സമരം ഭാഗിക വിജയമായിരുന്നു എന്നാണ് അണ്ണാ നടത്തിയ പ്രസ്താവന. ഇന്ത്യന്‍ പാര്‍ലമെന്റ് ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരത്തില്‍ നിന്ന് പിന്‍‌മാറിയിരുന്നില്ല. എന്നാല്‍, താന്‍ മുന്നോട്ട് വച്ച മൂ‍ന്ന് ആവശ്യങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ചയ്ക്ക് എടുക്കുകയും അത് അംഗീകരിക്കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തപ്പോഴാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിക്കാന്‍ സന്നദ്ധനായത്.

രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അണ്ണാ ഹസാരെ എന്ന എഴുപത്തിനാലുകാരന്‍ നടത്തിയ സമരം അരാഷ്ട്രീയമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല സമരം നയിക്കുന്നത് എന്ന കാരണം മാത്രമാണ് ഇതിനു പിന്നില്‍. രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യത്തിന് ജനപിന്തുണയോടെ നടത്തിയ സമരം അരാഷ്ട്രീയമാവുന്നത് എങ്ങനെയെന്ന ചോദ്യത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.

കോണ്‍ഗ്രസിന്റെ ഒരു പ്രമുഖ നേതാവ് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വാദം തികച്ചും പരിഹാസ്യമായി മാത്രമേ കാണാന്‍ സാധിക്കൂ. അണ്ണാ ഹസാരെയുടെ സമരത്തിന് കോണ്‍ഗ്രസ് എതിരല്ല എന്നും അണ്ണാ ത്രിവര്‍ണ പതാകയും ഗാന്ധിത്തൊപ്പിയുമാണ് ധരിച്ചതെന്നും പറഞ്ഞ ഇദ്ദേഹം ഇതെല്ലാം കോണ്‍ഗ്രസ് പാരമ്പര്യമാണെന്നും അതിനാല്‍ തങ്ങള്‍ക്ക് എതിര്‍ക്കേണ്ട കാര്യമില്ല എന്നുമായിരുന്നു വാദം. ചിഹ്നങ്ങളെ കൂട്ടുപിടിച്ച് രാഷ്ട്രപിതാവിനെ ലേബലാക്കുന്ന പ്രസ്താവനയാണ് ഇതെന്ന് മാത്രമേ കരുതാന്‍ കഴിയൂ. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണം എന്ന് ആരാണ് ആവശ്യപ്പെട്ടതെന്നും ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തില്‍ ഇടതു പാര്‍ട്ടികളും ബിജെപിയും ഒന്നും ചെയ്തില്ല. നിലപാടുകള്‍ സ്വീകരിക്കാന്‍ മടിച്ചു നിന്ന ബിജെപി അവസാന നിമിഷം എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന ആശ്വാസത്തിലാണ്. ഈ പാര്‍ട്ടികള്‍ ഒരു കാര്യം ആലോചിക്കണം. പ്രതിപക്ഷം അവശേഷിപ്പിച്ച ശൂന്യതയാണ് ഹസാരെയ്ക്കും ജനമുന്നേറ്റത്തിനും ഇടം നല്‍കിയത്. അതായത്, സ്വന്തം ജോലി നിര്‍വഹിക്കാതിരുന്നതിന്റെ ഫലം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :