ഡിസിസി പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കണ്ണൂര്‍| WEBDUNIA|
PRO
PRO
കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കെ സുധാകരന്‍ എം പിയെ അനുകൂലിക്കുന്ന പ്രവര്‍ത്തകരാ‍ണ് രാമകൃഷ്ണനെ മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചത്. സുധാകരനെതിരെ നടത്തിയ പ്രസ്താവനയില്‍ മാപ്പു പറയാതെ ഡിസിസി ഓഫീസില്‍ കയറ്റില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ രാമകൃഷ്ണനെ തടഞ്ഞത്. ഇതേതുടര്‍ന്ന് പ്രസിഡന്റ് പി രാമകൃഷ്ണന്‍ കൊടിമരച്ചുവട്ടില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

രണ്ടിനു തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണു പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും മന്ത്രി ആര്യാടന്‍ മുഹമ്മദും അതിനു മുന്‍പായി കണ്ണൂരിലെത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

കെ സുധാകരന്‍ ഡിസിസി പ്രസിഡന്റായത് പ്രവര്‍ത്തകരെ വിരട്ടിയും തോക്കും ബോംബും കാണിച്ചാണെന്ന് രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി രക്തസാക്ഷികളുടെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം ചില നേതാക്കള്‍ പോക്കറ്റിലാക്കിയെന്നും കെ സുധാകരന്‍ എം പിയുടെ പേരു പറയാതെ പി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഈ സംഭവമാണ് സുധാകരന്‍ അനുകൂലികളെ പ്രകോപിപ്പിച്ചത്.

കണ്ണൂര്‍ ഡിസിസി ഓഫീസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിപ്പെടില്ലെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ പറഞ്ഞു. തടഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ്. അതിനാല്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :