ലോക്പാല്‍: മനീഷ് തിവാരി സ്വയം പുറത്തായി!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോക്പാല്‍ ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രാജിവച്ചു. കമ്മിറ്റിയുടെ കാലാവധി തീരാനിരിക്കെ മനീഷ് തിവാരി രാജിവച്ചത് സ്വയം രക്ഷപെടല്‍ തന്ത്രമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കമ്മിറ്റി പുന:സംഘടിപ്പിക്കുമ്പോള്‍ മനീഷ് തിവാരിയെ പുറത്താക്കുമെന്ന സൂചനകള്‍ ശക്തമായിരുന്നു.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, എസ്പിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അമര്‍സിംഗ് എന്നിവരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുമെന്ന സൂചന ശക്തമാണ്.

അണ്ണാ ഹസാരെയ്ക്ക് എതിരെ വ്യക്തിപരമായ ആക്രമണം നടത്തി വിവാദം സൃഷ്ടിച്ച മനീഷ് തിവാരിയെ ലോക്പാല്‍ കമ്മിറ്റിയില്‍ നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന് തീരെ താല്‍‌പര്യമില്ല. പുന:സംഘടനയില്‍ ഒഴിവാക്കും എന്ന ശക്തമായ സൂചന നിലനില്‍ക്കെ രാജിവച്ച് മുഖം രക്ഷിക്കുകയാണ് തിവാരി ചെയ്തത്. ഇരുവരും അഴിമതിക്കേസിനെ നേരിടുന്നതിനാല്‍ ലാലു പ്രസാദിന്റെയും അമര്‍സിംഗിന്റെയും വിശ്വാസ്യതയെ അണ്ണാ ഹസാരെ സംഘം ചോദ്യം ചെയ്തിരുന്നു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ 31 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംഗ്‌വി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :