കാത്തിരിപ്പിനൊടുവില്‍ കിട്ടിയ മന്ത്രിസ്ഥാനം

വെബ്ദുനിയ ഫീച്ചര്‍ ഡെസ്ക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതത്തിനൊടുവിലാണ് വി സുരേന്ദ്രന്‍ പിള്ളയെ തേടി ഇപ്പോള്‍ മന്ത്രിസ്ഥാനം എത്തിയിരിക്കുന്നത്. പലപ്പോഴും മന്ത്രിസ്ഥാനം പല കാരണങ്ങളാല്‍ സുരേന്ദ്രന്‍ പിള്ളയുടെ കൈയില്‍ നിന്ന് പോകുകയായിരുന്നു. അത് ഒടുവില്‍ നറുക്കിന്‍റെ രൂപത്തില്‍ വരെയെത്തി. എന്നാല്‍, ഇത്തവണ മുന്നണിക്കൊപ്പം നിന്നതിന്‍റെ ഫലം പിള്ളയെ തേടിയെത്തി. സുരേന്ദ്രന്‍ പിള്ളയുടെ തന്നെ വാക്കുകളില്‍ പറയുകയാണെങ്കില്‍ തനിക്ക് ലഭിച്ച നേട്ടങ്ങളും യാദൃശ്ചികമായിരുന്നു. ഇതാ, ഇപ്പോള്‍ കിട്ടിയ ഈ മന്ത്രിസ്ഥാനം വരെ.

കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി സുരേന്ദ്രന്‍ പിള്ള മത്സരിച്ചത് തന്നെ യാദൃശ്ചികമായിട്ടായിരുന്നു. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ പിള്ളയ്ക്ക് സീറ്റ് ലഭിച്ചത് അവസാന നിമിഷം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതാണെങ്കില്‍ പത്രിക സമര്‍പ്പിക്കേണ്ടതിന്‍റെ അവസാന ദിവസം അവസാന നിമിഷം. ഉള്ളതു പറഞ്ഞാല്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് പിള്ളയെ നിയമസഭയിലേക്ക് വിട്ടതിന്‍റെ മുഴുവന്‍ ക്രെഡിറ്റും കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി ശോഭന ജോര്‍ജ് മത്സരിച്ചപ്പോള്‍ ശോഭനയ്ക്ക് റിബലായി ശരത് ചന്ദ്ര പ്രസാദ് വന്നതോടെ പിള്ളയുടെ ഭാഗ്യം തെളിയുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ വോട്ടില്‍ വിള്ളല്‍ വീണതോടെ സുരേന്ദ്രന്‍ പിള്ള ജയിച്ചു കയറി.

ഇടതുമുന്നണി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം കേരള കോണ്‍ഗ്രസിന് എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. പാര്‍ട്ടി നേതാവ് പി ജെ ജോസഫ് ആദ്യം മന്ത്രിയായി. വിമാനയാത്രാക്കേസ് വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജോസഫിന് മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ടി യു കുരുവിള മന്ത്രിയായി. രാജകുമാരി ഭൂമി ഇടപാട് വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കുരുവിളയ്ക്കും രാജി വെയ്ക്കേണ്ടി വന്നു. പിന്നെയുള്ളത്, മോന്‍സ് ജോസഫും വി സുരേന്ദ്രന്‍ പിള്ളയുമായിരുന്നു.

രണ്ടുപേരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. ജോസഫിന് ആദ്യം മുതലേ താല്പര്യം മോന്‍സിനോട് തന്നെയായിരുന്നു. നറുക്കെടുപ്പിലൂടെയാകാം മന്ത്രിസ്ഥാനം എന്ന് പാര്‍ട്ടി തീരുമാനിച്ചു. അങ്ങനെ നറുക്കെടുപ്പിലൂടെ മോന്‍സ് മന്ത്രിയായി. ഏതായാലും മോന്‍സ് മന്ത്രിയായതോടെ ജോസഫുമായി സുരേന്ദ്രന്‍ പിള്ള കൂടുതല്‍ അകന്നു. പി സി തോമസുമായി കൂടുതല്‍ അടുത്തു. ജോസഫും കൂട്ടരും ഇടതുമുന്നണി വിട്ടപ്പോഴും പാര്‍ട്ടി വിടാതെ മുന്നണിയില്‍ തന്നെ നിന്നതും ഇതുകൊണ്ട് കൂടി ആയിരുന്നു. ഇക്കാരണത്താല്‍ തന്നെ സുരേന്ദ്രന്‍ പിള്ളയ്ക്ക് എന്തുകൊണ്ടും അര്‍ഹതപ്പെട്ടതു കൂടിയാണ് ഈ മന്ത്രിസ്ഥാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :