ജയരാജനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം| WEBDUNIA|
ജഡ്ജിമാര്‍ക്കെതിരെ പ്രസംഗിച്ച സി പി എം സംസ്ഥാന സമിതി അംഗം എം വി ജയരാജനതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. റോഡരികില്‍ പൊതുയോഗങ്ങള്‍ നടത്തുന്നത്‌ നിരോധിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ സി പി എം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ നടത്തിയ പ്രസ്‌താവന കോടതിയലക്ഷ്യമാണെന്നു കാണിച്ച് കഴിഞ്ഞദിവസമായിരുന്നു പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

തൃശൂരിലെ അഖില കേരള നിയമ സഹായ വേദി ചെയര്‍മാന്‍ അഡ്വക്കറ്റ്‌ സി ഐ എഡിസണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിക്കുന്നത്‌. ജയരാജന്‍റെ പ്രസ്‌താവന ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ അഡ്വക്കേറ്റ്‌ ജനറലിന്‍രെ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കവേ ചീഫ്‌ ജസ്റ്റിസ്‌ ജെ ചെലമേശ്വറും, ജസ്റ്റിസ്‌ പി എന്‍ രവീന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ അഭിപ്രായപ്പെട്ടിരുന്നു

അതേസമയം, ജുഡീഷ്യറിയെ വിമര്‍ശിക്കരുതെന്ന്‌ പറഞ്ഞാല്‍ അനുസരിക്കാന്‍ മനസില്ലെന്ന്‌ ജയരാജന്‍ പറഞ്ഞു.
ജുഡീഷ്യറി അതിരുവിട്ടാല്‍ നിലയ്ക്കു നിര്‍ത്താന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക്‌ അധികാരമുണ്ടെന്നും വിമര്‍ശിച്ചതിന്‍റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാലും പ്രശ്നമില്ലെന്നും ജയരാജന്‍ കോഴിക്കോട്ട്‌ പറഞ്ഞു

റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചതു പോലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ ശുംഭന്മാരാണെന്നായിരുന്നു ജയരാജന്‍റെ പരാമര്‍ശം. എല്‍ ഡി എഫ് ഹര്‍ത്താലിനോട് അനുബന്ധിച്ച് കണ്ണൂരില്‍ നടന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :