തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 30 ജൂണ്‍ 2010 (19:03 IST)
കൊക്കകോള കമ്പനി പ്ലാച്ചിമടയില്‍ വരുത്തിയ പാരിസ്ഥിതിക നഷ്ടത്തെക്കുറിച്ച് പ്ലാച്ചിമട സമിതി അധ്യക്ഷന്‍ കെ ജയകുമാര്‍ നല്‍കിയ പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. കൊക്കകോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ജയകുമാറിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 216 കോടി 26 ലക്ഷം രൂപയാണ് പ്ലാച്ചിമടയിലുണ്ടായ നഷ്ടം.
ട്രൈബ്യൂണല്‍ രൂപീകരണത്തിനായി നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വ്യസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ നല്‍കിയ വിവാദറിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല. ജയകുമാര്‍ അധ്യക്ഷനായ പ്ലാച്ചിമട സമിതിയുടെ റിപ്പോര്‍ട്ട് കയ്യടി നേടാന്‍ മാത്രമുള്ളതാണെന്നായിരുന്നു ബാലകൃഷ്ണന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് സമഗ്രമല്ലെന്നും ബാലകൃഷ്ണന്‍റെ ക്യാബിനറ്റ് നോട്ടില്‍ പറയുന്നു. ഇത് അംഗീകരിക്കാന്‍ മന്ത്രിസഭ തയ്യാറായില്ല.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍റെ ഭാഷ കൊക്കകോളയുടേതാണെന്ന് വ്യവസായ പ്ലാച്ചിമട ഉന്നതാധികാരസമിതി അംഗം ഡോ. ഫെയ്സി ഇന്ന് ആരോപിച്ചിരുന്നു. ബാലകൃഷ്ണന്‍റെ നിലപാടുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും കൊക്കകോള കമ്പനി സ്വയം പ്രതിരോധിക്കാന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ബാലകൃഷ്ണന്‍ പറയുന്നതെന്നുമാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഫെയ്സി പറഞ്ഞത്.
കോള കമ്പനിയുടെ അതേ ഭാഷയില്‍ സംസാരിക്കുന്ന ബാലകൃഷ്ണന്‍റെ നിലപാടുകള്‍ സംശയാസ്പദമാണ്. പ്ലാച്ചിമടയിലെ ഭൂഗര്‍ഭജലവിതാനം താണതിന് കാരണം കോളക്കമ്പനിയുടെ പ്രവര്‍ത്തനം തന്നെയാണെന്നും ഇതു സംബന്ധിച്ച് സമിതി നടത്തിയ കണ്‌ടെത്തലുകളുടെ ആധികാരികത എവിടെയും തെളിയിക്കാമെന്നും ഫെയ്സി പറഞ്ഞു.