ഒരു തെളിവും അവശേഷിപ്പിക്കാതെ ജെസ്ന എങ്ങോട്ടുപോയി ? ഉത്തരം കണ്ടെത്താനാകാതെ പൊലീസ്

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (14:51 IST)
ഈ വർഷം മാർച്ച് 22നാണ് മുക്കൂട്ടുതറയിൽനിന്നും ബന്ധുവീട്ടിലേക്ക് പോകുന്നന്നതിനിടെ കോളേജ് വിദ്യാർത്ഥിനിയായ ജെസ്നയെ കാണാതാവുന്നത്. കാണാതായി ഒൻ‌പത് മാസങ്ങൾ പിന്നീട്ടിട്ടും ജസ്ന ജീവിച്ചിരിപ്പുണ്ടോ എന്നതിന് പോലും തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ജസ്നയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പലയിടങ്ങളിലായി ജസ്‌നയോട് സാമ്യം തോന്നുന്ന പെൺകുട്ടികളെ കണ്ടു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബാംഗളുരുവിലും, മലപ്പുറത്തും കുടകിലുംവരെ അന്വേഷം സംഘം നേരിട്ടെത്തി പരിശോധന നടത്തി എന്നിട്ടും വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല.

ജെസ്നക്ക് മറ്റൊരു ഫോൺ ഉണ്ടായിരുന്നു എന്നും അത് ഒരു സ്മാർട്ട് ഫോണായിരുന്നു എന്നുമുള്ള അനുമാനത്തിൽ ചില ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം പൊലിസിനെ കുടക് വരെ എത്തിച്ചു. പക്ഷേ അവിടെ വച്ച് ആ അന്വേഷണവും തുടരാനാകാത്ത രീതിയിൽ വഴിമുട്ടി.

ജെസ്നയുടെ തിരോധനത്തെ കുറിച്ച് സുഹൃത്തുക്കൾക്കോ നാട്ടുകാർക്കോ എന്തെങ്കിലും തരത്തിലുള്ള വിവരം ഉണ്ടോ എന്ന് മനസിലാക്കുന്നതിനായി . ജെസ്നയെ കുറിച്ചുള്ള വിവരങ്ങൾ എഴുതിയിടാൻ ചില പെട്ടികളും പൊലീസ് സ്ഥാപിച്ചിരുന്നു. ഇതിൽനിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

മുണ്ടക്കയം ബസ്റ്റാൻഡിന് സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടത്തുന്നത്. ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് ലഭിച്ച ശക്തമായ ഒരു തെളിവ് ഇതുമാത്രമാണ്. വീട്ടിൽനിന്നും ഇറങ്ങിയ വസ്ത്രത്തിലല്ല ജസ്നയെന്ന് തോന്നിക്കുന്ന പെൺകുട്ടി സി സി ടി വി ദൃശ്യങ്ങളിൽ ഉള്ളത്. ഇതേ ദൃശ്യത്തിൽ ജസ്നയുടെ ആൺ സുഹൃത്തിനെ കണ്ടതും വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ ഉയരുന്ന സംശയം മറ്റൊന്നാണ്. ഇതേ ദൃശ്യത്തിൽ ജസ്നയെന്ന് സംശയിക്കുന്ന പേൺകുട്ടിയെ കൂടാതെ സംശയാസ്പദമായ രീതിയിൽ മറ്റു രണ്ടുപേരെകൂടി പൊലീസ് കണ്ടെത്തി. ഇതിൽ ഒരാൾ സ്ത്രീയാണ്. ദുരൂഹമായ രീതിയിൽ ഒരു ചുവന്ന കാറും സമീപത്ത് നിർത്തിയിട്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് നീങ്ങുന്നത്. അത്ര തിരക്കുള്ള ഒരിടത്തുവച്ച് ജസ്നയെ ആർക്കും തട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല. പക്ഷേ അപ്പോഴും ഉയരുന്ന സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പൊലീസിനാകുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :