സുമീഷ് ടി ഉണ്ണീൻ|
Last Modified വ്യാഴം, 27 ഡിസംബര്‍ 2018 (19:04 IST)
തമിഴ് സിനിമയിൽ ഒരേയൊരു സൂപ്പർ സ്റ്റാർ മാത്രമാണ് തന്റെ കാഴ്ചപ്പാടിൽ ഉള്ളത് എന്ന് വ്യക്തമാക്കി മക്കൾ സെൽവൻ വിജയ് സേതുപതി. ഒരു സ്വകാര്യ ചാനലിലെ പരുപാടിക്കിടെ, തന്നെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചവർക്ക് മറുപടി പറയവെയാണ് വിജയ് സേതുപതി സ്വന്തം മനസിലെ സൂപ്പർസ്റ്റാറിനെ വെളിപ്പെടുത്തിയത്.
‘ദയവു ചെയ്ത് എന്നെ സൂപ്പർസ്റ്റാർ എന്ന് വിളിക്കരുത്. തമിഴ് സിനിമയിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രമാണുള്ളത് അത്
രജനി സാറാണ്. ഒരു കഥാപാത്രമായി മാറുന്നതിന് അറുപത്തിയെട്ടാമത്തെ വയസിലും അദ്ദേഹം എടുക്കുന്ന അധ്വാനം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ സ്റ്റാർ എന്ന പേരിന് എന്തുകൊണ്ടും അർഹൻ രജനികാന്ത് തന്നെയാണ്.‘ വിജയ് സേതുപതി പറഞ്ഞു.
‘മഹാ നടികർ എന്ന് അദ്ദേഹം എന്നെ വിശേഷിപ്പിച്ചപ്പോൾ ഭയംകൊണ്ട് എന്റെ ശരീരമാകെ വിറക്കുകയായിരുന്നു. 40 വർഷമായി സിനിമയിലുള്ള സൂപ്പർ സ്റ്റാറിന്റെ ഹൃദയത്തിൽനിന്നുമുള്ള ആ വാക്കുകൾ വലിയ അനുഗ്രഹമായാണ് ഞാൻ കാണുന്നത്‘ എന്നും വിജയ് സേതുപതി പറഞ്ഞു. രജനീകന്തും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച പേട്ട എന്ന ചിത്രം തീയറ്ററിലെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് രജനീകാന്ത് വിജയ് സേതുപതിയെ മഹാനടികർ എന്ന് വിശേഷിപ്പിച്ചത്.