തിരുവനന്തപുരം|
Vishnu|
Last Updated:
ശനി, 16 നവംബര്‍ 2019 (15:32 IST)
ചന്ദ്ര ദൌത്യത്തിനു പിന്നാലെ ലോകത്തെ ഞെട്ടിക്കാന്‍ ഐഎസ്‌ആര്‍ഒ നടത്തുന്ന പര്യവേക്ഷണം ആരെക്കുറിച്ച് പഠിക്കാനാണെന്ന് അറിയാമോ? എപ്പൊഴും കത്തിജ്വലിച്ചു നില്‍ക്കുന്ന കര്‍മ്മ സാക്ഷിയായ സൌരയൂഥത്തിന്റെ കുടുംബനാഥനായ നമ്മുടെ സൂര്യനെക്കുറിച്ച് പഠിക്കാനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതിനായി ആദിത്യ എന്ന ദൌത്യവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ ദൌത്യത്തിനായി കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തുക വകയിരുത്തിയിരുന്നു.
അടുത്ത വര്‍ഷം ഈ ദൌത്യം വഹിക്കുന്ന പേടകവുമായി റോക്കറ്റ് ബഹിരാകാശത്തിലേക്ക് കുതിച്ചുയരും. കൊറോണ ഗ്രാഫ് എന്ന ഉപകരണമാണ് ഈ ദൌത്യ പേടകത്തില്‍ ഉണ്ടാവുക. ഈ ഉപകരണമുപയോഗിച്ച് സൂര്യന്റെ പ്രഭാമണ്ഡലത്തേക്കുറിച്ചാണ് ഐഎസ്‌ആര്‍ഒ പഠിക്കുക. അധികമാരും കൈവയ്ക്കാത്ത മേഖലയായതിനാല്‍ ഇന്ത്യയുടെ ദൌത്യത്തിനെ ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
ബഹിരാകാശ വിമാനം അഥവാ സ്പേസ് ഷട്ടില്‍ ഇനി നമുക്കും
നാസയുടെ ബഹിരാകാശ ഷട്ടിലിനെക്കുറിച്ച് നമുക്കറിയാം. റോക്കറ്റ്പോലെ ബഹിരാകാശത്തിലേക്ക് പോകുന്നതിനു പിന്നാലെ ദൌത്യം കഴിഞ്ഞ് ഭൂമിയിലേക്ക് വിമാനം വന്നിറങ്ങുന്നതുപോലെ റണ്‍വേയില്‍ ഇറങ്ങുന്ന വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശവാഹനം. ഇനി നമുക്കും അത്തരമൊന്ന് സ്വന്തമാകാന്‍ പോകുന്നു. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ ആര്‍എല്‍വി എന്ന വാഹനത്തിന്റെ അവസാനവട്ട മിനുക്കുപണിയിലാണ് ഐഎസ്‌ആര്‍ഒ.
ചിറകുള്ള ഈ വിക്ഷേപണ വാഹനം അടുത്ത വര്‍ഷം ആദ്യം തന്നെ പരീക്ഷിക്കാനാണ് പദ്ധതി. ആര്‍എല്‍വി ടിഡി എന്ന് വിളിക്കുന്ന വാഹനത്തിനേ ശക്തിയേറിയ റോക്കറ്റ് ഉപയോഗിച്ച് 100 കിലോമീറ്റര്‍ അകലെ ബഹിരാകാശത്ത് എത്തിക്കും. തുടര്‍ന്ന് ഇതിനേ റോക്കറ്റില്‍ നിന്നും വേര്‍പെടുത്തി വിമാനമെന്നതുപോലെ തിരികെ ഭൂമിയില്‍ പറന്ന് കടലില്‍ ഇറക്കാനാണ് ഐഎസ്‌ആര്‍ഒ ശ്രമിക്കുന്നത്. ഇത് വിജയിച്ചാല്‍ അടുത്ത ഘട്ടത്തില്‍ കരയിലും ഇറക്കാന്‍ കഴിയുന്ന തരത്തില്‍ ഇതിനെ പരിഷ്കരിക്കും.
ബഹിരാകാശത്തെ അങ്ങനെ വിടാന്‍ ഇനി നമ്മള്‍ തയ്യാറല്ല
ഗ്രഹങ്ങളും താരാപഥങ്ങളും, ക്ഷുദ്രഗ്രഹങ്ങളും നിറഞ്ഞ ബഹിരാകാശം അന്നും ഇന്നും എന്നും മാനവരാശിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ്. ബഹിരാകാശത്തിലെ മറ്റ് വസ്തുക്കളേക്കുറിച്ച് പഠിക്കുക എന്നതും ഇനി ഐഎസ്‌ആര്‍ഒയുടെ പദ്ധതിയാണ്. ബഹിരാകാശത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. ആസ്ട്രോ സാറ്റ് എന്നാണ് ഇതിനായി തയ്യാറാക്കുന്ന പേടകത്തിന്റെ പേര്.
ഇതിനേ 650 കിലോമീറ്റര്‍ ഉയരമുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ലക്ഷ്യം. ഈ പദ്ധതിക്ക് പിന്നാലെ ജിസാറ്റ്6, 6 എ, ജി സാറ്റ്9,11,15,16, റിസോഴ്സ് സാറ്റ് 2 എ, കാര്‍ട്ടൊസാറ്റ് 2സി തുടങ്ങിയ ഉപഗ്രഹങ്ങളും ഉടന്‍ തന്നെ ഭ്രമണപഥത്തില്‍ എത്തിക്കാനും ഐഎസ്‌ആര്‍ഒ തയ്യാറെടുക്കുകയാണ്.
ഐഎസ്‌ആര്‍ഒ വളരുകയല്ല കുതിച്ച് ചാടുകയാണ്. 1963ല്‍ സൈക്കിളില്‍ റോക്കറ്റും പിടിച്ച് വിക്ഷേപണത്തറയിലേക്ക് പോയ സംഘടന ഇപ്പോള്‍ ലോകത്തിനു മുഴുവന്‍ വിസ്മയമായി മാറിയിരിക്കുന്നു. നമുക്കും അഭിമാനിക്കാം, ഭാരതത്തിന്റെ സുവര്‍ണകാലം ആഗതമാവുകയാണ്. ഇതിന്റെ തെളിവുകളെ കണ്‍കുളിര്‍ക്കേ കാണാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്‍.