കോഴിക്കോട്|
ജോണ്‍ കെ ഏലിയാസ്|
Last Modified തിങ്കള്‍, 26 സെപ്റ്റംബര്‍ 2016 (15:40 IST)
എന്‍ ഡി എ കേരള ഘടകം കണ്‍വീനറായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ തീരുമാനിച്ചതോടെ മുന്നണിക്കുള്ളില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ തല്ക്കാലം ഒഴിഞ്ഞുപോകുമെന്നുറപ്പായി. കണ്‍വീനര്‍ സ്ഥാനം തുഷാറിന് തന്നെ നല്‍കിയതോടെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തല്ക്കാലം അടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇടഞ്ഞുനില്‍ക്കുന്ന ബി ഡി ജെ എസിനെ മെരുക്കാനാണ് കണ്‍വീനര്‍ സ്ഥാനം തുഷാറിന് നല്കാന് ബി ജെ പി നേതൃത്വം തയ്യാറായത്. നേരത്തേ കണ്‍വീനര്‍ സ്ഥാനം മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ ബി ജെ പി തന്നെ കൈവശം വയ്ക്കാനായിരുന്നു ബി ജെ പി കേരള നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ ബി ഡി ജെ എസ് ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുപോകുകയും വെള്ളാപ്പള്ളി പരസ്യ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെയാണ് എന്‍ ഡി എ കണ്‍വീനര്‍ സ്ഥാനം തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്കാന് ധാരണയാകുന്നത്.
ഇതോടെ ബി ഡി ജെ എസിന് കേരള രാഷ്ട്രീയത്തില്‍ ഒരു നല്ല മേല്‍വിലാസം ലഭിക്കുകയാണ്. ഇനി വെള്ളാപ്പള്ളിയുടെ ലക്ഷ്യം തുഷാറിന് രാജ്യസഭാ സീറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ആ ആവശ്യം ഉടന്‍ ഉന്നയിക്കാനോ പ്രതിഷേധിക്കാനോ ഇടയില്ല. എന്നാല്‍ ബി ഡി ജെ എസിന് മികച്ച സ്ഥാനമാനങ്ങള്‍ നേതൃത്വം ആവശ്യപ്പെടും.
എന്‍ഡിഎ കേരള ഘടകം ചെയര്മാന് സ്ഥാനം കുമ്മനം രാജശേഖരന് വഹിക്കും. രാജീവ് ചന്ദ്രശേഖരന് എംപി വൈസ് ചെയര്‍മാനായിരിക്കും. വി മുരളീധരന്, സി കെ ജാനു, രാജന് ബാബു, പി കെ കൃഷ്ണദാസ്, രാജന് കണ്ണാട്ട് എന്നിവര്‍ കോ-കണ്‍വീനര്‍മാരായിരിക്കും. പി സി തോമസ് എന്‍ഡിഎ ദേശീയ സമിതിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായിരിക്കും.