കാസര്‍കോഡു നിന്നും കഴിഞ്ഞ ഏഴുമാസത്തിലധികമായി കാണാതായിരുന്ന റിയാന മടങ്ങിവന്നിരിക്കുന്നു. എന്നാല്‍ ഈ തിരിച്ചുവരവ് റിയാന തിരോധാനത്തിലെ ദുരൂഹതകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ഏഴുമാസത്തിലധികം പൊന്നുമോളെ ഓര്‍ത്ത് കണ്ണീരൊഴുക്കിയ റിയാനയുടെ ഉമ്മ ഫൌസിയക്കും മകളുടെ മടങ്ങിവരവ് കൂടുതല്‍ വേദനകളാണ് നല്‍കുന്നത്. കൊല്ലം പരവൂര്‍ ഗാന്ധി അനാഥാലയത്തില്‍ കണ്ടെത്തിയ റിയാന മാനസികമായി ഏറെ പരിക്ഷീണയായിരുന്നു. ഇതിലുപരി താന്‍ അപ്രത്യക്ഷമായ ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ച് മനസുതുറക്കാന്‍ റിയാന മടിക്കുന്നതാണ് സംഭവത്തിലെ ദുരൂഹതകളെക്കുറിച്ച് കൂടുതല്‍ സംശയമുണര്‍ത്തുന്നത്.
റിയാനയെ കാണാതായതുമുതല്‍ സംഭവവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന നാടകങ്ങളിലെ തുടര്‍ രംഗങ്ങളെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായത്. രാവിലെ അനാഥാലയത്തില്‍ നിന്നും പൊലീസ് ഏറ്റെടുത്ത റിയാനയെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി പൊലീസ് കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു. ക്രൈംബ്രാഞ്ച് ഐജി ആര്‍ ശ്രീലേഖയുടെ സാന്നിധ്യത്തില്‍ റിയാനയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു ഉദ്ദേശം.
ഗസ്റ്റ് ഹൌസില്‍ കാത്തിരിക്കാനും കുട്ടിയെ കാണാനും സംസാരിക്കാനും അവസരമൊരുക്കാമെന്ന് പൊലീസ് റിയാനയുടെ ഉമ്മയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. നേരത്തെ അനാഥാലയത്തില്‍ വച്ച് റിയാനയെ കാണാന്‍ ഫൌസിയ ശ്രമിച്ചപ്പോള്‍ മകള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ കൊല്ലത്ത് എത്തിയത്. എന്നാല്‍ ഫൌസിയയെ കാണിക്കാതെ കുട്ടിയെ കൊണ്ടുപോകാനായിരുന്നു പൊലീസിന് തിടുക്കം. പിന്നീട് ശ്രീലേഖ ഇടപെട്ടാണ് ഫൌസിയയ്ക്ക് കുട്ടിയെ കാണാന്‍ അവസരമൊരുക്കിയത്. പൊലീസ് വാഹനത്തില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.
ഇതിനിടെ, പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ റിയാനയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പരിശോധനാഫലത്തില്‍ വ്യക്തമായത്. എന്നാല്‍, ‘അലക്സി കൊല്ലും... എന്നെ കൊണ്ടുപോകരുത്... എന്നെ അങ്ങോട്ടുവിടരുത്’ എന്ന് റിയാന ഇടയ്ക്കിടെ പറയുന്നുണ്ട്. ഉമ്മയോടും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. റിയാന ഒരു കാര്യങ്ങളും വിട്ടു പറയുന്നില്ലെന്നാണ് ഇപ്പോള്‍ പൊലീസ് നല്‍കുന്ന വിശദീകരണം.
റിയാന കേസില്‍ പൊലീസിന്‍റെ മെല്ലെപ്പോക്കുനയം ആദ്യം മുതല്‍ തന്നെ സംശയത്തിനിട നല്‍കിയിരുന്നു. ആദ്യം കാസര്‍ഗോഡ് പൊലീസും പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റെടുത്ത അന്വേഷണ പരമ്പരയുടെ നേതൃത്വം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഒരു ഘട്ടത്തില്‍ ഡിജിപിക്ക് നേരിട്ട് ഏറ്റെടുക്കേണ്ടിയും വന്നു. ഇതിനിടെ ഉമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ റിയാനയെ ഹാജരാക്കാന്‍ ഹൈക്കോടതി സമയപരിധിയും നിര്‍ദ്ദേശിച്ചിരുന്നു. റിയാനയുടെ കാണാതാകല്‍ വിവാദമായതിനെ തുടര്‍ന്ന് പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലേക്കും റിയാനയുടെ ചിത്രമടക്കം എത്തിക്കുകയും ചെയ്തു. ഇതും പോരാഞ്ഞിട്ട് റിയാനയുടെ ചിത്രം ഉള്‍പ്പെടുത്തി പരസ്യവും നല്‍കി. എന്നിട്ടും ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുകയായിരുന്ന റിയാനയെ പുനലൂര്‍ എസ്‌ഐ ആണ് അനാഥാലയത്തില്‍ എത്തിച്ചതെന്ന വിശദീകരണം ഏറെ വിചിത്രമാകുന്നു.
അടുത്ത പേജില്‍ - അനാഥാലയത്തിന്‍റെ അധികൃതര്‍ പറയുന്നതില്‍ ദുരൂഹത