ശംഖുമുഖത്ത് ശരിക്കും തോറ്റതാരാ?

ദുര്‍ബല്‍ കുമാര്‍

WEBDUNIA|
ലാവ്‌ലിന്‍ കേസില്‍ സെക്രട്ടറിയദ്ദേഹം പ്രതിയാണെന്ന് വന്നപ്പോള്‍ തന്നെ പാര്‍ട്ടിയുടെ പരമാധികാര ദൈവത്തെ കണ്ട് തന്‍റെ സങ്കടങ്ങള്‍ ഉണര്‍ത്തിച്ചതു മുതല്‍ തുടങ്ങിയതാണ് അച്ചുമ്മാന്‍റെ പോരാട്ടം. പിന്നീട് പത്രക്കാര്‍ ചോദിച്ചപ്പോഴും ആവര്‍ത്തിച്ചാവര്‍ത്തിച്ച് അദ്ദേഹം തന്‍റെ നിലപാട് പറഞ്ഞതാണ്. 'അഴിമതിക്കെതിരെ പോരാട്ടം തുടരും' എന്നാണ് ആവര്‍ത്തിച്ചത്.
പാര്‍ട്ടി സെക്രട്ടറി നയിച്ച മാര്‍ച്ചില്‍ ഒരു ദിവസം പോലും പങ്കെടുക്കാതെയാണ് അദ്ദേഹം പ്രതികരിച്ചത്. മാര്‍ച്ച് തുടങ്ങിയ ദിവസം 'മാര്‍ച്ചില്‍ പങ്കെടുക്കുമോ' എന്ന പത്രക്കാരുടെ ചോദ്യത്തിന് ഇല്ല...ഇല്ല...ഇല്ലാ‍ എന്ന് നീട്ടിവലിച്ച് ഒരു കാച്ചായിരുന്നു. ആദ്യ ഇല്ല ഒരാമ്പിയര്‍ ബലത്തിലും രണ്ടാമത്തേത് അഞ്ച് ആമ്പിയര്‍ ബലത്തിലും അവസാനത്തെ ഇല്ല കുറഞ്ഞത് പത്ത് ആമ്പിയര്‍ ബലത്തിലുമാണ് പുറത്തേയ്ക്ക് പോയത്.

ഇതൊക്കെ കേട്ടപ്പോള്‍ എല്ലാവരും കരുതി സെക്രട്ടറിയദ്ദേഹത്തിന്‍റെ പക്ഷത്തെ അടിക്കാന്‍ കിട്ടിയ വടി കാരണവര്‍ വിടില്ലെന്ന്. പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിക്കുകയുമാണ്. എന്നാല്‍ പണ്ട് പാര്‍ട്ടി വിട്ട ചില വിമതരുണ്ട്. അവര്‍ നമ്മുടെ മുഖ്യന് സര്‍വാത്മനാ പിന്തുണ നല്‍കി. പണ്ട് പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ച് പുറത്തുപോയ ഒരു വള്ളിക്കുന്നുകാരനാണ് അവരുടെ നേതാവ്. പാര്‍ട്ടിയെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരു യുവ കോമളനും ഒപ്പമുണ്ട്. കാരണവര്‍ പുറത്തുവന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

കാര്യങ്ങള്‍ ഇങ്ങനെ മുന്നോ‍ട്ട് പോയി കുറച്ചുദിവസം. ഒപ്പം അച്ചുമ്മാന്‍റെ അര്‍ത്ഥഗര്‍ഭമായ മൌനവും. അങ്ങനെയിരിക്കെയാണ് ഫെബ്രുവരി 14ന് ഉന്നതകുടുംബസമ്മേളനം അങ്ങ് ഡല്‍ഹിയില്‍ നടക്കുന്നത്. അവിടെ തന്‍റെ നിലപാട് വ്യക്തമാക്കി കാരണവര്‍ പുറത്തു കടക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ കേസ് രാഷ്ട്രീയമായി നേരിടാന്‍ തന്നെ പാര്‍ട്ടി തീരുമാനിച്ചു. രാവിലെ കേരളത്തിലേയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് കേരളാ ഹൌസില്‍ ഒരു പത്രസമ്മേളനം നടത്തി അച്ചുമ്മാന്‍ എല്ലാം വലിച്ചെറിയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് നിരാശ മാത്രമായിരുന്നു ലഭിച്ചത്. അച്ചുമ്മാന്‍ ശ്വാസം വിട്ടാല്‍ പോലും വാര്‍ത്തയാക്കുന്ന ചില പത്രക്കാര്‍ കഴിവുറ്റ റിപ്പോര്‍ട്ടര്‍മാരെ അങ്ങോട്ടയച്ചതാണ്. പക്ഷേ അഴിമതിക്കെതിരെ പോരാട്ടം തുടരും എന്ന ഒറ്റ വാക്യം മാത്രം അവര്‍ക്ക് എറിഞ്ഞു കൊടുത്ത് മൂപ്പര്‍ സ്ഥലം കാലിയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :