WEBDUNIA|
Last Modified വെള്ളി, 27 ഫെബ്രുവരി 2009 (20:52 IST)
സാഹിത്യം മരിച്ചു, വായന മരിച്ചു, പുസ്തകം മരിച്ചു എന്ന് തുടങ്ങി എത്രയെത്ര മരണങ്ങളാണ് നമ്മള്‍ നിത്യേനെയെന്നോണം കേള്‍ക്കുന്നത്. പക്ഷേ ഒന്നും മരിക്കുന്നതായി നാം കാണുന്നില്ല. എങ്കിലും അഭിപ്രായം പാസാക്കാന്‍ അഗ്രഗണ്യരായ നമ്മുടെ സാംസ്കാരികപ്രവര്‍ത്തകര്‍ പിന്നെയും പിന്നെയും മരണങ്ങള്‍ പ്രവചിച്ചുകൊണ്ടേയിരിക്കും.
കണ്ണൂര്‍ പ്രസ് ക്ലബ് ലൈബ്രറിയുടെ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് നമ്മുടെ ‘ചെറുകഥാ’ സാഹിത്യകാരനും ഒരു മരണം പ്രഖ്യാപിച്ചു. കവിതയെയാണ് പത്മനാഭന്‍ കൊന്നത്. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി കവിതയെ പത്മനാഭന്‍ കൊന്നുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ എന്തായാലും കവിത ചത്തുകഴിഞ്ഞു എന്നാണ് കണ്ണൂരില്‍ വച്ച് പത്മനാഭന്‍ ആണയിട്ട് പറഞ്ഞത്.
“ഇന്ന് കവിത എന്ന് പറയുന്നതൊന്നും കവിതയല്ല. അക്കിത്തവും വിഷ്ണുനാരായണന്‍ നമ്പൂതിരിയും സുഗതകുമാരിയും ഒക്കെ നല്‍കിയ സംഭാവനകള്‍ ഇന്നില്ല. രൂപേഷ്‌പോളും പവിത്രന്‍ തീക്കുനിയുമൊക്കെയാണ് ഇന്ന് മഹാകവികള്‍. എന്തൊക്കെ ജാടകളാണ് ഇത്തരം കവിതകളില്‍ കാണുന്നത്...”
അക്കിത്തവും വിഷ്ണുനാരായണന്‍ നമ്പൂതിരിയും സുഗതകുമാരിയുമൊക്കെ നല്ല കവികള്‍ തന്നെ. എന്നാല്‍ അവര്‍ക്ക് ശേഷം മലയാള സാഹിത്യത്തില്‍ പ്രളയമായിരുന്നു എന്ന പ്രസ്താവന തൊണ്ട തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ വായനക്കാര്‍ തയ്യാറാവില്ല. പത്മനാഭന്‍ പറഞ്ഞ കവികള്‍ക്ക് ശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാടും കെ.ജെ ശങ്കരപിള്ളയുമൊക്കെ വായനക്കാരെ പുളകം കൊള്ളിച്ചിട്ടില്ലേ?
പി.പി. രാമചന്ദ്രന്‍, എസ്. ജോസഫ്, റഫീക്ക് അഹമ്മദ്, ലതീഷ് മോഹന്‍, ലാപുട, ബീരാന്‍കുട്ടി, എം. ബി. മനോജ്, റഫീക്ക് അഹമ്മദ്, കെ.ആര്‍.ടോണി, എസ്. കണ്ണന്‍, അനിത തമ്പി എന്നിവര്‍ എഴുതുന്നതൊക്കെ പൊട്ടക്കവിതകളാണെന്ന് കണ്ണടച്ച് ഇരുട്ടാക്കിയാലൊന്നും മലയാള കവിത തളരുകയുമില്ല, മരിക്കുകയുമില്ല.