നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയുടെ സൂത്രധാരന്‍ എന്ന് സി ബി ഐ വിശേഷിപ്പിച്ച ആണ്ടിമുത്തു രാജ തിഹാര്‍ ജയിലിലായിട്ട് ഒരു വര്‍ഷം തികഞ്ഞു. രാജ്യത്തെ പൊതുഖജനാവിന് 1.76 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയ ടുജി സ്പെക്ട്രം അഴിമതിക്കേസില്‍, 2011 ഫെബ്രുവരി രണ്ടിനാണ് രാജ അറസ്റ്റിലാകുന്നത്. രാജയുടെ വിശ്വസ്തനായ മുന്‍ ടെലികോം സെക്രട്ടറി സിദ്ദാര്‍ത്ഥ് ബഹ്‌റയും ഇതേ ദിവസമാണ് അറസ്റ്റിലായത്.
പക്ഷേ രാജ ഇനി എന്ന് പുറലോകം കാണും എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ടുജി വിഷയത്തിലെ ഓരോ അലയൊലികളും രാജ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നിയമ ബിരുദധാരിയായ രാജ വ്യക്തമായ കണക്കുകൂട്ടലുകളുമായാണ് ജയിലില്‍ കഴിയുന്നത് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ജാമ്യത്തേക്കുറിച്ച് രാജ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് അറിവ്. ടുജി എന്ന കപ്പലിന്റെ കപ്പിത്തനാണ് താനെന്നും അതില്‍ ഉള്‍പ്പെട്ട എല്ലാവരും പുറത്തിറങ്ങുന്നത് വരെ താന്‍ ക്ഷമയോടെ കാത്തിരിക്കും എന്നുമാണ് കനിമൊഴിക്ക് ജാമ്യം ലഭിച്ചപ്പോള്‍ രാജ പ്രതികരിച്ചത്. തന്റെ നിരപരാധിത്വം തെളിയിക്കപ്പെടും എന്ന ശുഭപ്രതീക്ഷയില്‍ കഴിയുന്ന അദ്ദേഹം, തന്നെ കുടുക്കിയവരുടെ പേരുകള്‍ ഒന്നൊന്നായി വിളിച്ചുപറയുമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ രാജ നല്‍കിയ ടുജി ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കുക കൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ കുരുക്ക് മുറുകുകയാണ് എന്ന് വേണം കണക്കാക്കാന്‍.
അറസ്റ്റിലായാല്‍ ഉടന്‍ നടകീയരംഗങ്ങള്‍ സൃഷ്ടിച്ച് ആശുപത്രിയില്‍ അഭയം തേടുന്ന ‘വിഐപി‘കള്‍ക്ക് അപവാദമായി ഇന്ത്യ കണ്ട നാണംകെട്ട അഴിമതിക്കഥയിലെ നായകന്‍ ജയിലില്‍ തന്നെ കഴിയുകയാണ്.