കൊലയാളിയെ കൊല്ലാന്‍ നിര്‍ദ്ദേശം!

WEBDUNIA| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2010 (12:59 IST)
PRO
PRO
മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന കീടനാശിനി എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കാന്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി യോഗത്തില്‍ നിര്‍ദേശം വന്നിരിക്കുന്നു. ഇനി വേണ്ടത് നിര്‍ദ്ദേശം നടപ്പില്‍ വരുത്തുകയാണ്. കീടനാശിനികളെ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അവലോകന സമിതിയാണ് എന്‍ഡോസള്‍ഫാനും അസിന്‍ഫോസ് മീഥൈലും മനുഷ്യനും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുന്നതായി വിലയിരുത്തിയത്. ഇതുവഴി എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനത്തിനും ഉപയോഗത്തിനും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഏത് രാജ്യത്തിലേക്കാണോ ഈ കീടനാശിനി പോകുന്നത്, ആ രാജ്യത്തിന്റെ സമ്മതം നേടിയിരിക്കണമെന്നും യോഗം നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടിണ്ട്. ഇതിനിടെ, സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം പരിഗണിക്കാതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തെ ഇന്ത്യ എതിര്‍ത്തിരിക്കുകയാണ്. എന്തായാലും ഇവിടെ ഇന്ത്യ വിജയിച്ചില്ലെന്ന് തന്നെ പറയാം.

മനുഷ്യനെയും പരിസ്ഥിതിയും രാസവസ്തുക്കളില്‍ നിന്ന് സംരക്ഷിക്കാനായി രൂപം നല്‍കിയ നൂറിലധികം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ കണ്‍വെന്‍ഷന്‍ ഇതിന് മുമ്പ് തന്നെ എന്‍ഡോസള്‍ഫാനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രോഗങ്ങളുടെ കൂട്ടാളിയും ജീവന്‍ കൊലയാളിയുമായ എന്‍ഡോസള്‍ഫാന്‍ കൊന്നൊടുക്കുന്നത് പാവങ്ങളെയാണ്. ഇതിനാല്‍ തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ തിരിഞ്ഞു നോക്കുന്നുമില്ല.

കാര്‍ഷിക മേഖലയില്‍ കീടനാശിനിയായി ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍ വെള്ളത്തിലും മണ്ണിലും എന്തിന് അമ്മമാരുടെ മുലപ്പാലില്‍ വരെ അടിഞ്ഞുകിടന്ന് തലമുറകളെ കൊന്നുക്കൊണ്ടിരിക്കും. ഇതെല്ലാം വിവിധ പഠനങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു. വലിയ തലയുമായി പിറക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെയാണ് എന്‍ഡോസള്‍ഫാന്‍ നല്‍കിയത്.

എന്നാല്‍, പഠനങ്ങളും നിരീക്ഷണ റിപ്പോര്‍ട്ടുകളും ആരും ചെവിക്കൊണ്ടില്ല. ഈ വിഷയത്തില്‍ ഇന്ത്യ എടുത്ത നിലപാട് മനുഷ്യവിരുദ്ധവും നിരുത്തരവാദപരവുമായിരുന്നു. ഇതിനിടെ പഠനങ്ങളുടെ പിന്‍ബലത്തില്‍ അമേരിക്കയും ഓസ്‌ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. അപ്പോഴും ഇന്ത്യ കണ്ണടച്ചിരുന്നു.

ജനീവ സമ്മേളനത്തിലെ 29 രാജ്യങ്ങളില്‍ 25 ഉം നിരോധത്തെ പിന്താങ്ങി. ജര്‍മനി, ഘാന, നൈജീരിയ, ചൈന എന്നിവ വോട്ടിംഗില്‍നിന്ന് വിട്ടുനിന്നു. എന്‍ഡോസള്‍ഫാന്റെ ഇരകളുടെ നാടായ ഇന്ത്യ മാത്രം നിരോധത്തെ എതിര്‍ത്തു. സങ്കടകരം തന്നെ. എന്‍ഡോസള്‍ഫാനെതിരെ ഹൈകോടതി വിധിയുണ്ട്; നിരോധത്തിനായി സംസ്ഥാനം ആവശ്യപ്പെടുകയും ചെയ്തതാണ്. നിയമങ്ങള്‍ക്ക് ഇവിടെ പുല്ലുവില, വിലയുള്ളത് കശുവണ്ടിക്ക് മാത്രമാണ്.

അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, യൂറോപ്യന്‍ രാജ്യങ്ങള്‍, ശ്രീലങ്ക തുടങ്ങി അറുപതിലേറെ വിവരമുള്ളവര്‍ ഭരിക്കുന്ന സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്ക് അതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി അറിയാനുള്ള അവകാശം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന തീരുമാനം 2008ല്‍ എടുത്തതും ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നായിരുന്നു.

അതെ, മനുഷ്യ ജീവനുകള്‍ക്ക് പുല്ലുവിലയാണ്. അവര്‍ മരിക്കട്ടെ, വ്യവസായം വളരട്ടെ എന്നാണ് കേന്ദ്ര നിലപാട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശത്തെയും ഇന്ത്യ എതിര്‍ത്തു കഴിഞ്ഞു. കീടനാശിനി ഇനിയും നിര്‍മ്മിക്കും, പാവങ്ങളുടെ ജീവനുമേല്‍ തെളിക്കുകയും ചെയ്യും. വികസനമെന്നത് മനുഷ്യവിരുദ്ധമായാല്‍ എന്തു സംഭവിക്കാമെന്നാണ് നാമിപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. വിവരമുള്ള രാജ്യങ്ങള്‍ കുറച്ചുകൂടി പുരോഗമനപരമായ നിലപാടിലെത്തുന്നു. ദുരന്തം മുന്നില്‍ കണ്ട് ശരിയായ നിലപാടുകള്‍ എടുക്കാന്‍ അവര്‍ക്ക് കഴിയുന്നു. അതില്ലാതെ, ലാഭം മാത്രമാണ് പരമപ്രധാനമെന്ന വ്യവസായ ലോബിയുടെ ഉപദേശം കേട്ട് സ്വന്തം ജനതയെപ്പോലും കുരുതികൊടുക്കുന്നവരാണ് നമ്മുടെ ഇന്ത്യന്‍ ഭരണക്കൂടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :