സംസ്ഥാനത്തെ ചാനല്‍ യുദ്ധം തെരുവുപോരിലേക്ക് വഴിമാറുകയാണോ? ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സമാപിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപനച്ചടങ്ങില്‍ അരങ്ങേറിയ “ചാനല്‍ത്തല്ലാണ്“ ഈ ആത്മപരിശോധനയുടെ ഗൌരവത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. കലോത്സവത്തിനെത്തിയ ചെറിയ കുട്ടികളുടെ മാനസിക പക്വത പോലും തങ്ങള്‍ക്കില്ലെന്ന് വിളിച്ചുപറയുകയായിരുന്നു കവലച്ചട്ടമ്പികളെപ്പോലും തോല്‍പിക്കുന്ന ഉശിരന്‍ തല്ലിലൂടെ നമ്മുടെ ചാനല്‍ പ്രവര്‍ത്തകര്‍.
കോഴിക്കോട് അരങ്ങേറിയ നാണംകെട്ട സംഭവത്തെ ഒറ്റപ്പെട്ടതെന്ന് വിളിച്ച് ഒരുപക്ഷെ ചാനല്‍ അധികാരികള്‍ക്ക് തടിയൂരാം. എന്നാല്‍ നമ്മുടെ മാധ്യമരംഗത്ത് നിലനില്‍ക്കുന്ന അനാരോഗ്യകരവും അപക്വവുമായ മത്സരത്തിന്‍റെ ഒരു തുടര്‍ച്ചയാണിതെന്ന് മറ്റു പല സംഭവങ്ങള്‍ കൂടി പരിശോധിച്ചാല്‍ ബോധ്യമാകും.
ചാനലുകള്‍ പുറത്തുവിടുന്ന ഒരു ഫ്ലാഷ് ന്യൂസില്‍ പോലും ഈ മത്സരം ഒളിഞ്ഞുകിടപ്പുണ്ട്. ഒരു ഫ്ലാഷ് ന്യൂസ് സ്വന്തം ചാനലില്‍ വരുന്നതിനേക്കാള്‍ മുന്‍പ് മറ്റേതെങ്കിലും ചാനലില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആ ഭാഗത്തെ റിപ്പോര്‍ട്ടറെ വിളിച്ച് തെറിവിളിക്കുന്ന വാര്‍ത്താ അധികാരികളുടെ സംസ്കാരത്തില്‍ നിന്നാണ് ഈ ദു:സ്വഭാവം താഴേത്തട്ടിലെ ശമ്പളക്കാരിലേക്കും കുടിയേറുന്നത്. സെക്കന്‍ഡുകളുടെ വ്യത്യാസം വന്നതിനുപോലും ഇങ്ങനെ തെറിയഭിഷേകത്തില്‍ മുങ്ങിക്കുളിക്കേണ്ടിവന്ന നിരവധി റിപ്പോര്‍ട്ടര്‍മാര്‍ നമ്മുടെ ചാനലുകളിലുണ്ട്.
ന്യൂസ് റൂം ചര്‍ച്ചകള്‍ക്കായുള്ള അതിഥികളുടെ പേരില്‍ പോലും നമ്മുടെ ചാനലുകള്‍ മത്സരിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഒരാളെ കൊന്നിട്ടുപോലും ബ്രേക്കിംഗ് ന്യൂസായി ഓഫീസില്‍ വിളിച്ചുപറയുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ സമീപകാല ഭാവിയില്‍ നമുക്ക് കാണേണ്ടിവരും. എന്തും ആഘോഷിക്കാനുള്ള (ഒരാളുടെ മരണമാണെങ്കില്‍ പോലും) ഒരു ത്വരയാണ് മാധ്യമരംഗത്തെത്തുന്ന പുതുമുഖങ്ങള്‍ക്ക് മേല്‍ നമ്മുടെ ചാനല്‍ സംസ്കാരം കുത്തിവെയ്ക്കുന്നത്. ഈ ആഘോഷസ്വഭാവം അതിരുവിടുമ്പോള്‍ സ്വന്തം നിലയും മേല്‍വിലാസവും പോലും അവര്‍ മറന്നുപോകുന്നു എന്നതാണ് സത്യം.
കേരളത്തിലെ മാധ്യമ രംഗത്തിന്‍റെ അന്തസ് ചോര്‍ത്തിക്കളയുന്ന രീതിയിലേക്ക് ഇന്ന് ഈ മത്സരം തരം താണിരിക്കുന്നു. നമ്മുടെ വാര്‍ത്താ സംസ്കാരത്തെയും ഇത് ഏറെ ബാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. മത്സരത്തിനനുസരിച്ച് വേഗത കൈവരിക്കാനുള്ള നെട്ടോട്ടത്തില്‍ വാര്‍ത്തകളുടെ ഉള്‍ക്കാമ്പും സത്യസന്ധതയും വിസ്മരിക്കപ്പെടുന്നു. ഒന്നു ക്രോസ് ചെക്ക് ചെയ്യാന്‍ പോലും സമയം നല്‍കാതെയാണ് ഫ്ലാഷ് ന്യൂസുകളായി വാര്‍ത്തകള്‍ ചാനലുകളുടെ സ്ക്രോള്‍ ബാറില്‍ ലൈവ് ആകുന്നത്. വാര്‍ത്തകളുടെ വളച്ചൊടിക്കലും തെറ്റായ വാര്‍ത്തകളുടെ സംപ്രേഷണവും ഇതിന്‍റെ അനന്തരഫലമായി ഇവിടെ സാധാരണമാകുന്നു.
വിവാദങ്ങളും എക്സ്ക്ലൂസീവുകളും തേടിയുള്ള പരക്കം പാച്ചിലില്‍ ഗൌരവമായതും മാനുഷീകമൂല്യമുള്ളതുമായ വാര്‍ത്തകളും ചര്‍ച്ചകളും ന്യൂസ് റൂമിലെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. വാര്‍ത്താബുള്ളറ്റിനുകള്‍ റിയാലിറ്റി ഷോകളുടെ നിലവാരത്തിലേക്ക് തരം താഴ്ത്തപ്പെടുന്നതും ഇതിന്‍റെ മറ്റൊരു ദോഷവശമാണ്. ഈ അധ:പതനത്തിന്‍റെ നേര്‍ക്കാഴ്ചയാണ് കലോത്സവം പോലുള്ള വേദികളിലെ ലൈവ് റിപ്പോര്‍ട്ടിംഗില്‍ അരങ്ങേറുന്നത്.
അവതരണത്തിലും മറ്റും ഈ റിയാലിറ്റി ടച്ച് കൊണ്ടുവരാനാണ് നമ്മുടെ ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ മത്സരിക്കുന്നത്. സ്വന്തം ശൈലിയും അസ്ഥിത്വവും വിസ്മരിച്ച് അനുകരണകലയുടെ ദൃശ്യഭാഷ അവര്‍ ഭംഗിയായി നിറവേറ്റുകയും ചെയ്യുന്നു. ചെറിയ സംഭവങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൂവി പെരുപ്പിച്ചും വെറുംവാക്കായി ചോദ്യങ്ങള്‍ തട്ടിവിട്ടും ഈ അവതാരക വേഷങ്ങള്‍ അവര്‍ അഭിനയിച്ചു തകര്‍ക്കുന്നു. കോഴിക്കോട് യുവജനോത്സവത്തില്‍ ഒരു ചാനലിന്‍റെ ലൈവ് പ്രോഗ്രാമിനായി അന്തിവെയിലില്‍ ഒപ്പന കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് ഒരു അവതാരകന്‍റെ ചോദ്യമിതായിരുന്നു. മണവാട്ടിപ്പെണ്ണിന്‍റെ മുഖം ചുവന്നിരിക്കുന്നത് വെയിലേറ്റിട്ടാണോ അതോ നാണം വന്നിട്ടാണോ എന്ന്?.
സംസ്ഥാന സ്കൂള്‍ കലോത്സവവേദികളില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേകിച്ച് ചാനലുകാരുടെ അമിതാവേശം രണ്ട് വര്‍ഷത്തോളമായി തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ കൊല്ലം യുവജനോത്സവത്തില്‍ നിന്ന്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന യുവജനോത്സവത്തിലും സമാപനസമ്മേളനത്തിനൊടുവില്‍ ഈ കലാശത്തല്ലിന്‍റെ സാമ്പിള്‍ ചാനലുകള്‍ നടത്തിയിരുന്നു. ഇക്കുറി കോഴിക്കോട്ട് അത് ഒറിജിനല്‍ തല്ലായെന്ന് മാത്രം.
തെരുവില്‍ സ്വയം മറന്ന് ഗുസ്തികൂടുന്ന കവലച്ചട്ടമ്പികളെ നാണിപ്പിക്കുന്ന വിധത്തിലായിരുന്നു കോഴിക്കോട് ചാനലുകാരുടെ തമ്മില്‍തല്ല്. തല്ലിനൊടുവില്‍ കുട്ടികള്‍ക്ക് നല്‍കിയ കപ്പിന്‍റെ മാതൃക രണ്ട് കഷ്ണങ്ങളായി ഒടിയുകയും ചെയ്തു. ഒടിഞ്ഞ കപ്പുമായി പോകുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പോലും ലൈവായി സംപ്രേഷണം ചെയ്ത് ആത്മനിര്‍വൃതി നേടുകയായിരുന്നു ചാനലുകള്‍.
യുവജനോത്സവം പോലുള്ള വേദികളിലെ മാധ്യമസാമിപ്യവും മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ കലാസമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്താനുള്ള മാധ്യമബാധ്യതയും ഇവിടെ മറക്കുന്നില്ല. എന്നാല്‍ കുട്ടികളുടെ മാസങ്ങള്‍ നീണ്ട കലാതപസ്യയ്ക്ക് അവര്‍ക്ക് കിട്ടിയ ഒരു അംഗീകാരം നൈമിഷികമായ വികാരത്തിന്‍റെ പേരില്‍ നശിപ്പിച്ചുകളഞ്ഞ മാധ്യമ ദു:സ്വാതന്ത്ര്യത്തെയാണ് ആത്മപരിശോധനയ്ക്ക് വിധേയമാക്കണ്ടത്. ഒപ്പം ഈ പ്രവണതകള്‍ നമ്മുടെ മാധ്യമരംഗത്ത് ഏല്‍പിക്കുന്ന തീരാകളങ്കത്തെക്കുറിച്ചും.