അറുപത്തിയൊന്നാം റിപ്പബ്ലിക് ദിനം കേരളം കനത്ത സുരക്ഷയില്‍ ആഘോഷിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായി പതാക ഉയര്‍ത്തി പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കൊച്ചിയില്‍ ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ വ്യവസായമന്ത്രി എളമരം കരീം സല്യൂട്ട് സ്വീകരിച്ചു. ഏഴ് സായുധസേന വിഭാഗങ്ങളും ഒന്‍പത് സേനാവിഭാഗങ്ങളും അശ്വാരൂഢസേനയും പരേഡില്‍ പങ്കെടുത്തു. ആലപ്പുഴയില്‍ സഹകരണവകുപ്പ് മന്ത്രി ജി സുധാകരനും കൊല്ലത്ത് ജലവിഭവ വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രനും പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.
കനത്ത സുരക്ഷയിലായിരുന്നു സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് സംസ്ഥാനത്തെ പ്രധാന നഗരങ്ങളും തീരപ്രദേശങ്ങളും വിമാനത്താവളവും പരിസരങ്ങളും കനത്ത സുരക്ഷാവലയത്തിലാണ്. സെക്രട്ടേറിയറ്റ്, രാജ്ഭവന്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.