സംസ്ഥാനത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന എന്‍ എന്‍ സത്യവ്രതന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. രാവിലെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ദീനബന്ധു, കേരളകൌമുദി, മാതൃഭൂമി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലൂടെ നാലുപതിറ്റാണ്ടുകാലം കേരളത്തിലെ മാധ്യമപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയാണ് സത്യവ്രതന്‍. ദീര്‍ഘകാലം മാതൃഭൂമി ദിനപത്രത്തില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്, ന്യൂസ് എഡിറ്റര്‍, ന്യൂസ് കോഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
1988 ല്‍ മാതൃഭൂമിയില്‍ നിന്നു വിരമിച്ച അദ്ദേഹം പിന്നീട് കേരള കൌമുദിയില്‍ റസിഡന്‍റ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. ഇതിനുശേഷം കേരള പ്രസ് അക്കാദമിയില്‍ ജേര്‍ണലിസം കോഴ്സ് ഡയറക്ടറായി ചുമതലയേല്‍ക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം ഈ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 2008 ജൂലൈ 31 നാണ് വിരമിച്ചത്.
ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പത്രപ്രവര്‍ത്തനത്തിന്‍റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വാര്‍ത്തയുടെ ശില്‍പശാല, വാര്‍ത്ത വന്ന വഴി, അനുഭവങ്ങളേ നന്ദി തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
വാര്‍ത്ത വന്ന വഴി എന്ന പുസ്തകം ഏറെ വിവാദമാകുകയും ചെയ്തു. 1968ല്‍ എറണാകുളം തേവര എസ്‌എച്ച് കോളേജിലെ സമരത്തില്‍ രക്തസാക്ഷിയായ കെഎസ്‌യു പ്രവര്‍ത്തകനെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. കെഎസ്‌യു പ്രവര്‍ത്തകനായ മുരളി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതല്ലെന്നും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും മറ്റുമുള്ള സത്യവ്രതന്‍റെ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കൊച്ചി കാക്കനാട് മാവേലിപുരം റസിഡന്‍ഷ്യല്‍ കോളനിയിലാണ് ദീര്‍ഘകാലമായി സത്യവ്രതന്‍ താമസിച്ചിരുന്നത്. മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള വിജയരാഘവന്‍ സ്മാരക പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എറണാകുളം പ്രസ് ക്ലബ്ബിന്‍റെ ആദ്യകാല സാരഥികളില്‍ ഒരാളാണ്. കേരള പത്രപ്രവര്‍ത്തകയൂണിയന്‍റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.