ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷം തട്ടിയ രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (13:54 IST)
എറണാകുളം: വീട്ടിൽ ചികിത്സിക്കാൻ എത്തിയ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി 5.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി. സ്വദേശി നസീമ നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് ആമേൻ എന്നിവരെ സൗത്ത് പൊലീസാണ് പിടികൂടിയത്.

രോഗാവസ്ഥയിൽ കഴിയുന്ന നസീമയെ ചികിത്സിക്കാൻ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞായിരുന്നു ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ ഡോക്ടർ ചികിത്സിക്കാൻ എത്തിയപ്പോൾ നസീമയുടെ സഹായി എന്ന നിലയിൽ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ മുഹമ്മദ് അമീൻ ചികിത്സാ ദൃശ്യങ്ങൾ പകർത്തുകയും ഇവ മോശപ്പെട്ട രീതിയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.

ആദ്യം വീട്ടിൽ വച്ച് തന്നെ 45000 രൂപ ഗൂഗിൾ പേ വഴിയും തുടർന്ന് കാറിന്റെ താക്കോൽ പിടിച്ചുവാങ്ങിയ ശേഷം അഞ്ചു ലക്ഷം രൂപയും തട്ടിയെടുത്തു. വീണ്ടും ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു.സഹികെട്ടാണ് ഡോക്ടർ പോലീസിൽ പരാതി നൽകിയത്. ഇടുക്കിയിലായിരുന്ന ഇരുവരെയും തൃപ്പൂണിത്തുറയിൽ എത്തിയപ്പോഴാണ് പിടികൂടിയത്. ഇരുവർക്കും സെക്സ് റാക്കറ്റുമായി ബന്ധുമുള്ളതായും പോലീസ് സൂചന നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :