ബിസ്കറ്റ് ലോറി തട്ടിയെടുത്തു, പിന്തുടർന്ന് പൊലീസിന് നേരെ വെടിയുതിർത്ത് മോഷ്ടാക്കൾ

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 17 ഫെബ്രുവരി 2020 (16:39 IST)
ഗ്രേറ്റർ നോയിഡയിലേയ്ക്ക് ബിസ്കറ്റ് കൊണ്ടുപോവുകയായിരുന്ന ട്രക്ക് തട്ടിയെടുത്ത് മോഷ്ടാക്കൾ. പൊലീസ് പിന്തുടർന്ന് പിടികൂടുമെന്നായപ്പോൾ പൊലീസിന് നേരെ മോഷ്ടാക്കൾ വെടിയുതിർത്തു. സുരജ്പൂർ വ്യവസായ മേഖലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഷൂട്ടൗട്ടിനൊടുവിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ഗാസിയബാദ് സ്വദേശി ലോകേഷ്, അലിഗഢ് സ്വദേശി കര്‍ത്താര്‍ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും രണ്ട് നാടൻ തോക്കുകളും പിടിച്ചെടുത്തു.

ഗ്രേറ്റർ നോയിഡയിലെ ഗോഡൗണിലേയ്ക്ക് ബിസ്കറ്റുമായി പോകുന്നതിനിടെ വിശ്രമിയ്ക്കുന്നതിനും സുഹൃത്തിനെ കാണുന്നതിനുമാണ് ഡ്രൈവർ ബദൽപൂരിൽ ലോറി നിർത്തിയത്. വെള്ളിയാഴ്ച രാവിലെയോടെ ബിസ്കറ്റ് ലോറി മോഷ്ടാക്കൾ തട്ടിയെടുക്കുകയായിരുന്നു. സുഹൃത്തിനെ കണ്ട് തിരികെയെത്തിയ ഡ്രൈവർ ലോറി കാണാതായതിനെ തുടർന്ന് ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഉടമ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ലോറിയിൽ ജിപിഎസ് ഘടിപ്പിച്ചിരുന്നതിനാൽ വാഹനത്തെ അതിവേഗം കണ്ടെത്താൻ പൊലീസിന് സാധിച്ചു. വെള്ളിയാഴ്ച രാത്രിയോടെ സുരജ്‌പൂർ വ്യവസായ മേഖലയ്ക്ക് സമീപത്ത് ലോറി കണ്ടെത്തുകയും ലോറി നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ മോഷ്ടാക്കൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസും മോഷ്ടാക്കൾക്ക് നേരെ വെടിയുതിർത്തു.

പൊലീസ് നടത്തിയ വെടിവെപ്പിൽ മോഷ്ടാക്കളിൽ ഒരാളുടെ കാലിൽ വെടിയേറ്റു. ഇതോടെ ലോറി നിർത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാൾ ഓടിരക്ഷപ്പെട്ടു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 11 ലക്ഷം രൂപയുടെ ബിസ്കറ്റാണ് ലോറിയിൽ ഉണ്ടായിരുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :