ഐപിഎല്ലില്‍ ഇങ്ങനെ ചോദിക്കില്ലല്ലോ, 3 ഫൈനല്‍ വേണമെന്ന രോഹിത്തിന്റെ ആവശ്യത്തിനെതിരെ ഗവാസ്‌കര്‍

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (17:32 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 3 മത്സരങ്ങളായി നടത്തണമെന്ന ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മയുടെ പ്രതികരണത്തിനെതിരെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. 209 റണ്‍സിന്റെ തോല്‍വിയാണ് ഇക്കഴിഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഓസീസിനെതിരെ ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാണ് ഫൈനല്‍ മത്സരം ഇംഗ്ലണ്ടില്‍ മാത്രം നടത്തുന്നതിനെതിരെയും 3 മത്സരങ്ങളായി ഫൈനല്‍ നടത്തണമെന്നും രോഹിത് ശര്‍മ ആവശ്യപ്പെട്ടത്.

രോഹിത്തിന്റെ ഈ ആവശ്യത്തിനെതിരെ സുനില്‍ ഗവാസ്‌കര്‍ പറയുന്നത് ഇങ്ങനെ. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇത്തരത്തിലാണ് നടത്തുക എന്ന കാര്യമെല്ലാം മുന്‍പ് തന്നെ തീരുമാനിച്ച കാര്യങ്ങളാണ്. പ്രൊഫഷണല്‍ കളിക്കാര്‍ എന്ന നിലയില്‍ അതിനായി മാനസികമായും ശാരീരികമായും തയ്യാറെടുക്കുകയാണ് കളിക്കാര്‍ ചെയ്യുന്നത്. ഐപിഎല്ലിനായി നിങ്ങള്‍ എങ്ങനെ തയ്യാറെടുക്കുന്നോ അതുപോലെ തന്നെ. ഐപിഎല്ലില്‍ നിങ്ങള്‍ ഒരിക്കലും മൂന്ന് മത്സരങ്ങള്‍ ആവശ്യപ്പെടില്ലല്ലോ. നിങ്ങള്‍ക്കറിയാം നിങ്ങള്‍ക്ക് 3 മത്സരങ്ങളില്‍ ആരാണ് മികച്ചവനെന്ന് ആവശ്യപ്പെടാനാകില്ല എന്നത്. ഇന്നത് മൂന്നാകാം നാളെ അത് അഞ്ചാകുമോ? ഗവാസ്‌കര്‍ ചോദിക്കുന്നു.

നേരത്തെ ഓസീസ് ടെസ്റ്റ് ടീം നായകനായ പാറ്റ് കമ്മിന്‍സും രോഹിത്തിന്റെ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഒളിമ്പിക്‌സ് അടക്കം എല്ലാ കായികമത്സരങ്ങളിലും ഒരൊറ്റ ഫൈനല്‍ ആണുള്ളത്. സ്‌പോര്‍ട്‌സ് അങ്ങനെയാണ് എന്നായിരുന്നു രോഹിത്തിന്റെ നിര്‍ദേശത്തിനുള്ള പാറ്റ് കമ്മിന്‍സിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :