WTC Finals: ബാറ്റർമാരെ സംരക്ഷിച്ച് ദ്രാവിഡ്, രൂക്ഷവിമർശനവുമായി ഗാംഗുലിയും ഗവാസ്കറും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (15:51 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരായ തോല്‍വിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പരാജയത്തെ കുറ്റപ്പെടുത്താന്‍ മടിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ നിന്നും മോശം പ്രകടനമാണ് വരുന്നതെന്നും ബാറ്റര്‍മാരുടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ബാറ്റിംഗ് ശരാശരി കണക്കാക്കിയാല്‍ ഇത് മനസിലാകുമെന്നും ഗാംഗുലി പറഞ്ഞിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ നടന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ടോക് ഷോയിലാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിലെ ആദ്യ അഞ്ച് ബാറ്റര്‍മാരും അവരുടെ പ്രതിഭ തെളിയിച്ചവരും പരിചയസമ്പന്നരുമാണ്. അവര്‍ മികച്ച താരങ്ങളാണ്. അവര്‍ അവരുടെ നിലവാരത്തിനനുസരിച്ച് കളിച്ചില്ലെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി തയ്യാറാക്കിയ പിച്ച് മികച്ച പിച്ചായിരുന്നു. ഇന്ത്യന്‍ താരങ്ങളുടേത് മാത്രമല്ല ലോകക്രിക്കറ്റിലെ മറ്റ് പല ബാറ്റര്‍മാരുടെയും ബാറ്റിംഗ് ശരാശരി ഇത്തരം വെല്ലിവിളികളുള്ള പിച്ചില്‍ കളിക്കുമ്പോള്‍ താഴേക്ക് പോയിട്ടുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

എന്നാല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും മറ്റ് ടീമിന്റെ കളിക്കാരുടെ കാര്യം നോക്കേണ്ടെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു. ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശരാശരിയില്‍ ഉണ്ടായിട്ടുള്ള വന്‍ ഇടിവ് എങ്ങനെ പരിഹരിക്കാമെന്നാണ് ദ്രാവിഡ് ആലോചിക്കേണ്ടതെന്നും ഗവാസ്‌കര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :