രോഹിത് ശര്‍മയ്ക്ക് ശേഷം ടെസ്റ്റ് നായകനാകാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ഇവരാണ്

സീനിയര്‍ താരം അജിങ്ക്യ രഹാനെയ്ക്ക് ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ഒരു അവസരം നല്‍കണമെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നിട്ടുണ്ട്

രേണുക വേണു| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (12:07 IST)

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാവി തുലാസില്‍ ആയിരിക്കുകയാണ്. രോഹിത് ടെസ്റ്റില്‍ നായകനായി തുടരുന്നതില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായി പുതിയ നായകന്റെ കീഴില്‍ ഇന്ത്യയെ സജ്ജമാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. 36 കാരനായ രോഹിത്തിന് അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിക്കാന്‍ സാധിക്കില്ല. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ആര് വേണം എന്ന ചര്‍ച്ചകള്‍ ബിസിസിഐ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് പേരുകളാണ് നിലവില്‍ ബിസിസിഐയുടെ പരിഗണനയില്‍ ഉള്ളത്.

സീനിയര്‍ താരം അജിങ്ക്യ രഹാനെയ്ക്ക് ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ഒരു അവസരം നല്‍കണമെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നിട്ടുണ്ട്. മോശം ഫോമില്‍ നിന്ന് തിരിച്ചെത്തിയ രഹാനെ ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. 35 കാരനായ രഹാനെ നിലവിലെ ഫോം തുടര്‍ന്നാല്‍ അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൂടി പങ്കാളിയായേക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ താരവും രഹാനെയാണ്. മാത്രമല്ല ആറ് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള രഹാനെ നാല് കളികളും വിജയിപ്പിച്ചിട്ടുണ്ട്.

രവിചന്ദ്രന്‍ അശ്വിനാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മറ്റൊരു താരം. 92 മത്സരങ്ങളില്‍ നിന്ന് 474 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള അശ്വിന് വളരെ പരിചയസമ്പത്തുണ്ട്. ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബൗളറാണ് നിലവില്‍ അശ്വിന്‍. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിക്കാന്‍ അശ്വിന് അവസരം നല്‍കണമെന്നും ഒരു വാദമുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാന്‍ കൂടുതല്‍ സാധ്യതയുള്ളത് റിഷഭ് പന്തിനാണ്. 25 കാരനായ റിഷഭ് പന്ത് ടെസ്റ്റില്‍ അപകടകാരിയായ ബാറ്ററും വിക്കറ്റ് കീപ്പറുമാണ്. ഇന്ത്യക്ക് പുറത്ത് മികച്ച ഇന്നിങ്‌സുകള്‍ കളിച്ച താരമാണ് പന്ത്. ഈ ഘടകങ്ങളെല്ലാം പന്തിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ ബിസിസിഐയെ സ്വാധീനിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ റിഷഭ് പന്ത് ഇപ്പോള്‍ വിശ്രമത്തിലാണ്. പരുക്കില്‍ നിന്ന് മുക്തനായി ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ പന്തിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹി ടീമിനേയും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനേയും നയിച്ചിട്ടുള്ള അനുഭവസമ്പത്തും പന്തിനുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :