Asad Rauf: വാതുവെയ്പ്പ് കേസില്‍ കുറ്റാരോപിതനായി ഐസിസി പാനലില്‍ നിന്ന് പുറത്തേക്ക്, പിന്നീട് ചെരുപ്പും വസ്ത്രങ്ങളും വിറ്റ് ജീവിച്ചു; ജനകീയ അംപയര്‍ ആസാദ് റൗഫ് ആരാണ്?

2016 ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബിസിസിഐ അഞ്ച് വര്‍ഷത്തേക്ക് വിലക്കി

രേണുക വേണു| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (09:15 IST)

Asad Rauf: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആസാദ് റൗഫിന്റെ മുഖം മറക്കാന്‍ കഴിയില്ല. നിര്‍ണായകമായ പല മത്സരങ്ങളും നിയന്ത്രിച്ച ഐസിസി അംപയറാണ് റൗഫ്. 66-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് റൗഫ് അന്തരിച്ചത്. ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം പോലെ നാടകീയതകള്‍ നിറഞ്ഞ ജീവിതമായിരുന്നു ആസാദ് റൗഫിന്റേത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഐസിസി പാനല്‍ അംപയറില്‍ നിന്ന് പാക്കിസ്ഥാനിലെ തെരുവില്‍ വസ്ത്രങ്ങളും ചെരുപ്പും വിറ്റ് ജീവിക്കുന്ന രീതിയിലേക്ക് റൗഫ് മാറിയത് അതിവേഗമാണ്.

2013 ലാണ് ആസാദ് റൗഫിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയ ആ സംഭവം നടക്കുന്നത്. ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ആസാദ് റൗഫിന്റെ അംപയറിങ് കരിയറിന് തിരിച്ചടി നേരിട്ട് തുടങ്ങിയത്. 2013 മേയ് 19 ന് നടന്ന കൊല്‍ക്കത്ത-ഹൈദരബാദ് മത്സരമാണ് റൗഫ് ഐപിഎല്ലില്‍ നിയന്ത്രിച്ച അവസാന മത്സരം. വാതുവെയ്പ്പ് സംഘങ്ങളുമായി റൗഫിന് ബന്ധമുണ്ടായിരുന്നു എന്നാണ് അന്ന് ഉയര്‍ന്ന ആരോപണം. മുംബൈ പൊലീസ് റൗഫിനെതിരെ അന്വേഷണം നടത്തിയിരുന്നു. 2013 ലെ ഐപിഎല്‍ സീസണ്‍ അവസാനിക്കും മുന്‍പ് റൗഫ് ഇന്ത്യ വിട്ടു.

2016 ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബിസിസിഐ അഞ്ച് വര്‍ഷത്തേക്ക് വിലക്കി. പിന്നീട് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ റൗഫിന് സാധിച്ചില്ല. അംപയറിങ് കരിയറിന് തിരശ്ശീല വീണ ശേഷം ലാഹോറിലെ ലണ്ടാ ബസാറില്‍ ചെരുപ്പുകളും വസ്ത്രങ്ങളും വില്‍ക്കുന്ന ഒരു കട നടത്തുകയായിരുന്നു ആസാദ് റൗഫ്.

'ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം ഐപിഎല്ലിലാണ് ഞാന്‍ ചെലവഴിച്ചത്. അതിനുശേഷമാണ് ഈ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. ഈ പ്രശ്‌നവുമായി എനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ആരോപണം വന്നത് ബിസിസിഐയുടെ ഭാഗത്തുനിന്നാണ്. അവര്‍ തന്നെ ഒരു തീരുമാനമെടുക്കുകയും ചെയ്തു,' അക്കാലത്ത് ഒരു പാക്കിസ്ഥാനി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആസാദ് പറഞ്ഞിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറില്‍ വെച്ചാണ് പാക്കിസ്ഥാനി അംപയറായ റൗഫിന്റെ അന്ത്യം. 66 വയസ്സ്. 64 ടെസ്റ്റ് മത്സരങ്ങള്‍, 139 ഏകദിനങ്ങള്‍, 28 ട്വന്റി 20 മത്സരങ്ങള്‍ എന്നിവ നിയന്ത്രിച്ച അംപയറാണ് ആസാദ് റൗഫ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :