രേണുക വേണു|
Last Modified തിങ്കള്‍, 12 ജനുവരി 2026 (09:23 IST)
Virat Kohli: രാജ്യാന്തര ക്രിക്കറ്റില്‍ 28,000 റണ്‍സ് കടന്ന് ഇന്ത്യയുടെ മുതിര്‍ന്നതാരം വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ വ്യക്തിഗത സ്‌കോര്‍ 25 ല്‍ എത്തിയപ്പോഴാണ് കോലി ഈ നേട്ടം കൈവരിച്ചത്. 13-ാം ഓവറിലെ അഞ്ചാം പന്തില്‍ ന്യൂസിലന്‍ഡിന്റെ ആദിത്യ അശോകിനെ ബൗണ്ടറി പായിച്ചാണ് കോലി 28,000 റണ്‍സ് ക്ലബില്‍ എത്തിയത്.
അതിവേഗം 28,000 റണ്‍സ് ക്ലബിലെത്തുന്ന താരമായിരിക്കുകയാണ് കോലി. 624 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്. 644 ഇന്നിങ്‌സുകളില്‍ നിന്ന് 28,000 കടന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. 666 ഇന്നിങ്‌സുകളില്‍ നിന്ന് 28,000 നേടിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് മൂന്നാമത്.
അതേസമയം രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ കോലി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. കുമാര്‍ സംഗക്കാരയുടെ 28,016 (666 ഇന്നിങ്‌സ്) റണ്‍സാണ് കോലി മറികടന്നത്. വിരാട് കോലിയുടെ രാജ്യാന്തര റണ്‍സ് 624 ഇന്നിങ്‌സുകളില്‍ നിന്ന് 28,068 ആയി. 782 ഇന്നിങ്‌സുകളില്‍ നിന്ന് 34,357 റണ്‍സുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്.