അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 നവംബര്‍ 2022 (13:11 IST)
ന്യൂസിലൻഡിനെതിരായ ടി20യിലെ തകർപ്പൻ പ്രകടനത്തോടെ വീണ്ടും റെക്കോർഡ് പുസ്തകങ്ങളിൽ ഇടം നേടി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. മത്സരത്തിൽ 51 പന്തിൽ നിന്നും 11 ഫോറും 7 സിക്സും ഉൾപ്പടെ പുറത്താകാതെ 111 റൺസാണ് സൂര്യ നേടിയത്. 217.64 എന്ന സ്ട്രൈക്ക്റേറ്റോടെയാണ് സൂര്യയുടെ സെഞ്ചുറി പ്രകടനം.
ഇന്ത്യയുടെ മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തിയ പിച്ചിലായിരുന്നു സൂര്യയുടെ ആറാട്ട്. പതിവ് പോലെ മൈതാനത്തിൻ്റെ എല്ലാ ഭാഗത്തേയ്ക്കും ഷോട്ടുകൾ ഉതിർത്ത സൂര്യ ന്യൂസിലൻഡ് ബൗളർമാർക്ക് യാതൊരു അവസരവും നൽകിയില്ല. മത്സരത്തിലെ പ്രകടനത്തോടെ ഒട്ടേറെ റെക്കോർഡുകൾ താരം സ്വന്തമാക്കി.
സെഞ്ചുറിപ്രകടനത്തോടെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ സൂര്യകുമാർ ഒരു കലണ്ടർ വർഷം
ടി20 ഫോർമാറ്റിൽ കൂടുതൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളെന്ന ഇന്ത്യൻ താരം വിരാട് കോലിയുടെ റെക്കോർഡ് തകർത്തു.2016ൽ 6 തവണ കോലി മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയിരുന്നു. നിലവിൽ ഒരു കലണ്ടർ വർഷം 7 മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ സൂര്യ സിംബാബ്‌വെ താരം സിക്കന്ദർ റാസയുടെ റെക്കോർഡിനൊപ്പമാണ്.
ഒരു കലണ്ടർ വർഷം ടി20യിൽ നൂറിലേറെ ബൗണ്ടറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡും സൂര്യ സ്വന്തമാക്കി. ന്യൂസിലൻഡിനെതിരെ 11 ബൗണ്ടറികൾ നേടിയതോടെയാണ് സൂര്യ ഈ നേട്ടത്തീലെത്തിയത്. നിലവിൽ ഈ വർഷം 105 ബൗണ്ടറികളാണ് സൂര്യ നേടിയത്. 2021ൽ 119 ബൗണ്ടറികൾ നേടിയ പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്‌വാനാണ് പട്ടികയിൽ ഒന്നാമത്. കിവീസിനെതിരെ ടി20യിൽ ഒരു ഇന്ത്യക്കാരൻ്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡും സൂര്യ സ്വന്തമാക്കി.