ടി20 റാങ്കിങ്ങ്: റേറ്റിംഗ് ഇടിഞ്ഞിട്ടും ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ, വമ്പൻ കുതിപ്പ് നടത്തി ഇംഗ്ലണ്ട് താരങ്ങൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (20:31 IST)
ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ റേറ്റിംഗ് പോയിൻ്റ് കുറഞ്ഞെങ്കിലും ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയുടെ യാദവ്. സൂര്യയുടെ റേറ്റിംഗ് പോയിന്‍റ് കരിയറിലെ ഏറ്റവും മികച്ചതായ 869ല്‍ നിന്ന് 859ലേക്ക് താഴ്‌ന്നു. ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്‍റെ താരങ്ങളാണ് ഇക്കുറി ഐസിസി റാങ്കിങ്ങിൽ മെച്ചമുണ്ടാക്കിയത്.

ടൂർണമെൻ്റിൽ അഞ്ച് ഇന്നിങ്ങ്സുകളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികൾ സഹിതം 59.75 ശരാശരിയിലും 189 സ്ട്രൈക്ക്റേറ്റിലും 239 റൺസാണ് സൂര്യ അടിച്ചെടുത്തത്. പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്വാൻ രണ്ടാം സ്ഥാനത്ത് തുടരൂമ്പോൾ കിവീസിൻ്റെ ഡെവോൺ കോൺവെയെ മറികടന്ന് പാക് നായകൻ ബാബർ അസം മൂന്നാം സ്ഥാനത്തെത്തി.

സെമിയിൽ ഇന്ത്യക്കെതിരെ 47 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ് 22 സ്ഥാനങ്ങൾ കയറി പന്ത്രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് സ്പിന്നറായ ആദിൽ റഷീദ് അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥനാത്തെത്തി. ശ്രീലങ്കയുടെ വാരിന്ദു ഹസരങ്കയാണ് ഒന്നാമത്. ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ടിൻ്റെ സാം കറൻ അഞ്ചാം സ്ഥാനത്താണ്.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാ നായകൻ ഷാക്കിബ് അൽ ഹസൻ, അഫ്ഗാൻ്റെ മുഹമ്മദ് നബി, ഇന്ത്യയുടെ ഹാർദ്ദിക് പാണ്ഡ്യ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. സിംബാബ്‌വെയുടെ സിക്കന്ദർ റാസയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :