ബാറ്റിംഗ് ഫോം വീണ്ടെടുക്കാനാവാതെ തുടരെ മോശം പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്ന ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് പിന്തുണയുമായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ശിവം ദുബെ. ടി20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ നായകന്റെ പ്രകടനങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും മത്സരങ്ങളുടെ ഗതി ഒറ്റയ്ക്ക് നിര്‍ണയിക്കാന്‍ കഴിവുള്ള മാച്ച് വിന്നറാണ് സൂര്യയെന്നാണ് ദുബെ അഭിപ്രായപ്പെട്ടത്.
ലഖ്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20 മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ദുബെ. കുറച്ച് മത്സരങ്ങളിലെ മോശം പ്രകടനം കൊണ്ട് സൂര്യകുമാര്‍ യാദവിന്റെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് ദുബെ പറഞ്ഞു. അഞ്ച് മത്സരങ്ങളില്‍ അഞ്ചും ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ് സൂര്യ. ഫോമിലല്ലെങ്കില്‍ അദ്ദേഹം മികച്ച കളിക്കാരനല്ലെന്ന് അര്‍ഥമില്ല.
സൂര്യ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ്. അദ്ദേഹത്തിന് ചെയ്യാനാകുന്നത് മറ്റാര്‍ക്കും സാധിക്കില്ല. തീര്‍ച്ചയായും അദ്ദേഹത്തിന് റണ്‍സ് കുറവാണ്. പക്ഷേ ശരിയായ സമയത്ത് അദ്ദേഹത്തിന്റെ ഫോം തിരിച്ചെത്തും. അത് ഏത് നിമിഷവും സംഭവിക്കാം. സൂര്യ ഒരു പോരാളിയാണ്. ടീമിനായി എന്തെങ്കിലും ചെയ്യാന്‍ എപ്പോഴും ആഗ്രഹിക്കുന്ന താരം. ശിവം ദുബെ പറഞ്ഞു.