അഭിറാം മനോഹർ|
Last Modified ബുധന്‍, 17 ഡിസംബര്‍ 2025 (15:27 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഓപ്പണറെന്ന നിലയില്‍ മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ഇന്ത്യന്‍ ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന് ഉപദേശവുമായി മുന്‍ ചീഫ് സെലക്ടറും ഇന്ത്യന്‍ താരവുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. കരിയറിലെ ഏറ്റവും മോശം ഫോമില്‍ നില്‍ക്കുന്ന ഗില്‍ ഇനിയൊന്നും തനിക്ക് നഷ്ടപ്പെടാനില്ല എന്ന മനോഭാവത്തോടെ വേണം വരാനിരിക്കുന്ന മത്സരങ്ങളെ സമീപിക്കാനെന്ന് ശ്രീകാന്ത് പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗില്ലിന് നല്‍കാനുള്ള ഒരേയൊരു ഉപദേശം, നിങ്ങള്‍ക്ക് ഇനിയും താഴാനില്ല എന്നതാണ്. അതുകൊണ്ട് തന്നെ തിരിച്ചുവരവില്‍ അസ്വസ്ഥനാകേണ്ട കാര്യമില്ല. ആദ്യമായി നിങ്ങള്‍ കാര്യമായി റണ്‍സ് നേടുന്നില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക. അനിശ്ചിതത്വത്തിന്റെ ഒരു കണിക പോലും ബാക്കിവെയ്ക്കാത്ത തരത്തില്‍ സ്വതന്ത്രമായി ബാറ്റ് ചെയ്യുക. കാരണം നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല, കിട്ടാനുള്ളതെല്ലം ബോണസാണ്.
ക്രീസിലെത്തിയാല്‍ ആദ്യം ഒരു പന്തില്‍ ഒരു റണ്‍സെന്ന രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ നോക്കുക. ആദ്യ 30 പന്തില്‍ 30-40 എടുത്തശേഷം ആത്മവിശ്വാസം തിരിച്ചുപിടിച്ച് സ്വന്തന്ത്രനായി കളിക്കുക. റണ്‍സിനെ പറ്റി ആശങ്ക വേണ്ട, മറുവശത്ത് തിലക് വര്‍മയോ, അഭിഷേകോ ആ ഉത്തരവാദിത്തം ഏറ്റെടുത്തുകൊള്ളും. ശ്രീകാന്ത് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 4 റണ്‍സിന് പുറത്തായ ഗില്‍ രണ്ടാം മത്സരത്തില്‍ പൂജ്യനായി മടങ്ങിയിരുന്നു. മൂന്നാം മത്സരത്തില്‍ 28 പന്തില്‍ 28 റണ്‍സെടുത്ത് താരം പുറത്തായിരുന്നു. അവസാനം കളിച്ച 15 മത്സരങ്ങളില്‍ നിന്ന് 24.25 ശരാശരിയില്‍ 291 റണ്‍സാണ് ഗില്‍ നേടിയിട്ടുള്ളത്. ഇതില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ താരത്തിനായിട്ടില്ല.