തിലക് എത്തുന്നതോടെ പുറത്താവുക സഞ്ജു, ലോകകപ്പിൽ ഇഷാൻ ഫസ്റ്റ് വിക്കറ്റ് കീപ്പറാകാൻ സാധ്യത തെളിയുന്നു?

Sanju Samson, Sanju Samson vs Shubman Gill, Sanju Samson vs South Africa, Sanju in India,  സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍
Sanju Samson
അഭിറാം മനോഹർ| Last Modified ശനി, 24 ജനുവരി 2026 (12:33 IST)
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യന്‍ ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമാണെന്നിരിക്കെ സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനം തുലാസിലാകുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ 2 ടി20 മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് സഞ്ജു നടത്തിയത്. ഇഷാന്‍ കിഷന്‍ കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തുകയും കീപ്പിങ്ങിലും സഞ്ജു നിറം മങ്ങുകയും ചെയ്തതോടെ ലോകകപ്പ് ടീമില്‍ ഫസ്റ്റ് ഇലവനില്‍ ഇടം പിടിക്കാനുള്ള സഞ്ജുവിന്റെ സാധ്യതകളും മങ്ങുകയാണ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ 10 റണ്‍സും 6 റണ്‍സുമാണ് സഞ്ജു നേടിയത്. ഇഷാന്‍ കിഷനാകട്ടെ ആദ്യ മത്സരത്തില്‍ പരാജയമായെങ്കിലും രണ്ടാം ടി20യില്‍ 32 പന്തില്‍ 76 റണ്‍സുമായി കളം നിറഞ്ഞിരുന്നു. ബാക്കപ്പ് കീപ്പറായാണ് ഇഷാന്‍ ടീമിലെത്തിയതെങ്കിലും ന്യൂസിലന്‍ഡ് പരമ്പരയില്‍ സഞ്ജു തിളങ്ങാതെ വന്നാല്‍ ഇഷാന്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി മാറാനും സാധ്യതയേറെയാണ്. നിലവില്‍ ടി20 ക്രിക്കറ്റില്‍ ഹൈ റിസ്‌ക്, ഹൈ റിവാര്‍ഡ് ശൈലിയാണ് ഇന്ത്യ പിന്തുടരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയാണ് നായകന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം സംസാരവിഷയമായിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തോടെ ഈ ആശങ്കയ്ക്ക് അവസാനമായിരുന്നു. ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മ മികച്ച പ്രകടനമാണ് നടത്തുന്നത്. തിലക് വര്‍മ ലോകകപ്പ് ടീമില്‍ ചേരുന്നതോടെ പക്ഷേ അഭിഷേകിന് പങ്കാളിയെ ബിസിസിഐയ്ക്ക് കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് സീരീസിലെ പ്രകടനമാകും ലോകകപ്പില്‍ നിര്‍ണായകമാവുക.

നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോം ഇന്ത്യന്‍ ജേഴ്‌സിയിലും ആവര്‍ത്തിക്കാന്‍ ഇഷാന് സാധിക്കുന്നുണ്ട് എന്നത് ഇഷാന് അനുകൂല ഘടകമാണ്. ഇഷ്ട പൊസിഷനായ ഓപ്പണിങ്ങില്‍ തിരിച്ചെത്തിയിട്ടും സഞ്ജുവിന് കഴിഞ്ഞ 2 മത്സരങ്ങളിലും തിളങ്ങാനായിട്ടില്ല. ഈ രണ്ട് മത്സരങ്ങളിലും സഞ്ജു പുറത്തായ രീതി ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. കീപ്പിങ്ങിലും നിറം മങ്ങിയതോടെയാണ് സഞ്ജുവിന്റെ ലോകകപ്പ് സ്ഥാനം തുലാസിലായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :