'ആ ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ നിരാശ തോന്നി, അഞ്ചോ ആറോ ഓവര്‍ കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള ഇന്ത്യന്‍ താരമാണ് അയാള്‍'

രേണുക വേണു| Last Modified വ്യാഴം, 1 ജൂലൈ 2021 (12:25 IST)
ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ താന്‍ നേരിട്ട നിരാശയെ കുറിച്ച് വിവരിച്ച് ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി. അവസാന ദിനം ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ റിഷഭ് പന്തിന്റെ ക്യാച്ച് സൗത്തി നഷ്ടപ്പെടുത്തിയിരുന്നു. കെയ്ല്‍ ജാമിസണിന്റെ പന്തിലാണ് സൗത്തി ക്യാച്ച് നഷ്ടമാക്കിയത്. ഇത് തന്നെ വലിയ രീതിയില്‍ അസ്വസ്ഥമാക്കിയെന്നാണ് സൗത്തി പറയുന്നത്. പന്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന സമയം കൂടിയായിരുന്നു അത്.

'ആ ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ കുറ്റബോധം തോന്നി. കാരണം, പന്ത് ബാറ്റ് ചെയ്യുന്ന രീതിയെ കുറിച്ച് എനിക്കറിയാം. വെറും അഞ്ചോ ആറോ ഓവറുകള്‍ കൊണ്ട് എതിരാളിയുടെ കൈയില്‍ നിന്ന് കളി സ്വന്തമാക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് പന്ത്. കടുത്ത മത്സരം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കൂടിയാണ് ആ ക്യാച്ച് നഷ്ടമാകുന്നത്. ഒരു താരത്തെ സംബന്ധിച്ച് ക്യാച്ച് നഷ്ടപ്പെടുത്തുക എന്നുള്ളത് ഏറ്റവും മോശം അനുഭവമാണ്. സഹതാരങ്ങളെ കൂടി അത് നിരാശപ്പെടുത്തും,' സൗത്തി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :