ന്യൂഡൽഹി|
VISHNU N L|
Last Modified ശനി, 29 ഓഗസ്റ്റ് 2015 (09:51 IST)
ആസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ ടെസ്റ്റ് ടീമില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി ആരാധകരെ ഞെട്ടിച്ചിരുന്നു. വിരമിക്കലിനു പിന്നില്‍ ബിസിസിഐയിലെ പടലപ്പിണക്കവും ധോണിയോടുള്ള എതിര്‍പ്പുമൊക്കെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം നിരസിച്ചുകൊണ്ട് ഇന്ത്യന്‍ ടീം മാനേജര്‍ രവി ശാസ്ത്രി രംഗത്ത്.
ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും ഒരേസമയം പിടിച്ചുനിൽക്കാനാകാതെ വന്നതാകാം ധോണിയുടെ വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് രവി ശാസ്ത്രി പറയുന്നു. ധോണിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു ഇത്. അതേസമയം തന്നെ ടീമിനെ നയിക്കാനുള്ള പുതിയ താരം സുസജ്ജനാണെന്നും ധോണി മനസിലാക്കിയിരുന്നു – ശാസ്ത്രി പറയുന്നു.
ഇപ്പോള്‍ ചിന്തിച്ചാൽ അന്നെന്തുകൊണ്ട് ധോണി ആ തീരുമാനമെടുത്തുവെന്ന് കൂടുതൽ വ്യക്തമാകുന്നുണ്ട്. കോഹ്‌ലിയായിരിക്കും അടുത്ത ക്യാപ്റ്റനെന്ന വാർത്ത മാധ്യമങ്ങളിലുൾപ്പെടെ എല്ലായിടത്തും പ്രചരിച്ചുവരികയായിരുന്നു. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിൽ നായകനെന്ന നിലയിൽ കോഹ്‌ലിക്ക് അവസരം കൊടുത്ത് ഊഹാപോഹങ്ങൾ അവസാനിപ്പിക്കാനായിരുന്നു ധോണിയുടെ തീരുമാനം. ആ തീരുമാനം എന്തുകൊണ്ടും നല്ലതായിരുന്നെന്നും ശാസ്ത്രി പറഞ്ഞു.
ഈ വർഷമാദ്യം ഓസ്ട്രേലിയയിൽ പര്യടനം നടത്തുകയായിരുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്നും നായകൻ മഹേന്ദ്രസിങ് ധോണി അപ്രതീക്ഷിതമായാണ് വിരമിച്ചത്.പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായിറക്കിയ വാർത്താക്കുറിപ്പിലാണ് ധോണി താൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിക്കുന്ന കാര്യം അറിയിച്ചത്.