ബിസിസിഐ യോഗം ശ്രീനിവാസന്‍ എത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ചു

കൊല്‍ക്കത്ത| VISHNU N L| Last Modified ശനി, 29 ഓഗസ്റ്റ് 2015 (08:15 IST)
ബിസിസിഐയുടെ സുപ്രധാന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ എത്തിയതിനെത്തുടര്‍ന്ന് യോഗം മാറ്റിവച്ചു. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലാണ് ശ്രീനിവാസന്‍ യോഗത്തിന് എത്തിയത്. എന്നാല്‍, അദ്ദേഹത്തിന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നകാര്യത്തില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവെക്കുന്നതെന്ന് പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ മാധ്യമങ്ങളോട് പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍നിന്ന് ശ്രീനിവാസനെ നേരത്തെ സുപ്രീം കോടതി വിലക്കിയിരുന്നു. കൂടാതെ ബിസിസിഐയില്‍ ഇടപെടാന്‍ പാടില്ലെന്ന് ഉപാധിയും ശ്രീനിവാസനു മുന്നില്‍ കൊടതി വച്ചിരുന്നു. ഇതുമൂലമാണ് യോഗത്തില്‍ ശ്രീനിവാസന്‍ എത്തിയതിനു പിന്നാലെ മാറ്റിവച്ചത്.
കൊല്‍ക്കത്തയിലാണ് വെള്ളിയാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്ന യോഗമാണ് വെള്ളിയാഴ്ച മാറ്റിവച്ചത്.

ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ, മുന്‍ പ്രസിഡന്റുമാരായ ശരദ് പവാര്‍, ശശാങ്ക് മനോഹര്‍ എന്നിവര്‍ അടക്കമുള്ളവരാണ് ശ്രീനിവസന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്തത്. ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അടക്കമുള്ളവര്‍ ശ്രീനിവാസനെ അനുകൂലിച്ചു. ബി.സി.സി.ഐ യോഗങ്ങളില്‍ ശ്രീനിവാസന്‍ പങ്കെടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടന്ന് ജഗ്‌മോഹന്‍ ഡാല്‍മിയ അടക്കമുള്ളവര്‍ വാദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :