ഇന്ത്യന്‍ ടീമിന് ഇനി ഇരട്ട പരിശീലകര്‍

മുംബൈ| VISHNU N L| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (10:12 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനിമുതല്‍ ഇരട്ട പരിശീലകര്‍. ടെസ്റ്റ് ടീമിനും ഏകദിന-ട്വന്റി 20 ടീമുകള്‍ക്കും വ്യത്യസ്ഥ പരിശീലകര്‍ വേണമെന്നാണ് ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. ഓരോ ഫോര്‍മാറ്റിലും അനുയോജ്യരായ മുന്‍കാല താരങ്ങളെയാണ് പരിഗണിക്കുന്നത്. ടെസ്റ്റ് ടീമിന്റെ പരിശീലകനായി രവിശാസ്ത്രിയെ നിയമിച്ചേക്കും. ഏകദിനത്തിലും ട്വെന്റി-20യിലും കളിക്കാരെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന പരിശീലകനെ തിരയുകയാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ നയം നടപ്പിലാക്കും.

വിദേശപരിശീലകര്‍ ദീര്‍ഘകാല കരാറുണ്ടാക്കാന്‍ മടിക്കുന്നതാണ് പുതിയ തീരുമാനത്തിന് ബിസിസിഐയെ പ്രേരിപ്പിച്ചത്. ലോകകപ്പ് ക്രിക്കറ്റോടെ സിംബാബ്വെക്കാരനായ ഡെങ്കന്‍ ഫ്ലൂച്ചറുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ ടീമിന്ത്യയ്ക്ക് പരിശീലക സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രിയെ ഡയറക്ടറാക്കിയാണ് പരിശീലകനില്ലാത്ത അവസ്ഥ ബിസിസിഐ പരിഹരിച്ചത്. രണ്ട് ഇന്ത്യന്‍ പരിശീലകരെ നിയമിച്ച് ഈ പ്രതിസന്ധി മറികടക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

ഇംഗ്ലണ്ടാണ് ടെസ്റ്റിനും ഏകദിനത്തിനും രണ്ട് പരിശീലകരെ പരീക്ഷിച്ചത്. പീറ്റര്‍ മൂര്‍ ടെസ്റ്റ് ടീമിന്റെയും ആഷ്‌ലി ജെല്‍സ് ഏകദിന ടീമിന്റെയും പരിശീലകരായിട്ടുണ്ട്. മുന്‍ ഓള്‍റൗണ്ടര്‍ ചേതന്‍ ശര്‍മ അടക്കമുള്ളവര്‍ പുതിയ തീരുമാനത്തിന് അനുകൂലമായി രംഗത്തുവന്നിട്ടുണ്ട്. ഓരോ ഫോര്‍മാറ്റിലെയും കളിക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് ഇവരുടെ നിലപാട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ തീരുമാനത്തോട് പൊതുവേ അനുകൂലസമീപനമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :