അഭിറാം മനോഹർ|
Last Modified ബുധന്‍, 11 ഫെബ്രുവരി 2026 (15:25 IST)
ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ അസാധാരണമായ ബൗളിംഗ് ആക്ഷന്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. യുഎസ്എക്കെതിരെ 27 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ താരിഖിന്റെ പ്രകടനമായിരുന്നു മത്സരത്തില്‍ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ബൗളിംഗ് ചെയ്യുമ്പോള്‍ അല്പനേരം നിര്‍ത്തിയശേഷമാണ് ഉസ്മാന്‍ താരിഖ് പന്തെറിയുന്നത്. കൂടാതെ താരം ചക്കിംഗ് ചെയ്യുന്നതായുള്ള ആരോപണവും ശക്തമായിരിക്കുകയാണ്.
താരത്തിനെതിരെ വിവാദങ്ങള്‍ കടുക്കുമ്പോഴും വിഷയത്തില്‍ ഉസ്മാന്‍ താരിഖിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓഫ്‌സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. ഫുട്‌ബോളില്‍ പെനാല്‍റ്റി എടുക്കുമ്പോള്‍ പോലും റണ്ണപ്പിനിടെ പോസ് ചെയ്യാന്‍ പറ്റില്ലെന്നുള്ള മുന്‍ താരം ശ്രീവത്സ ഗോസ്വാമിയുടെ പ്രതികരണത്തോടാണ് അശ്വിന്‍ പ്രതികരിച്ചത്.
'ഫുട്‌ബോള്‍ അത് അനുവദിക്കുന്നില്ല എന്ന് സമ്മതിക്കുന്നു! എന്നാല്‍ ബാറ്റ്‌സ്മാന് അമ്പയറോ ബൗളറോ അറിയിക്കാതെ സ്വിച്ച്-ഹിറ്റോ റിവേഴ്സ് സ്വീപ്പോ കളിക്കാന്‍ കഴിയുമ്പോള്‍, എന്തിനാണ് ബൗളര്‍മാര്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍ ?, അമ്പയറെ അറിയിക്കാതെ ബൗളര്‍ക്ക് ബൗളിംഗ് ഹാന്‍ഡ് മാറ്റാന്‍ പോലും സാധിക്കില്ല. ആദ്യം മാറ്റേണ്ടത് ഈ നിയമങ്ങളാണ് അശ്വിന്‍ കുറിച്ചു.
മറ്റൊരു ട്വീറ്റില്‍, താരിഖിന്റെ ആക്ഷന്റെ നിയമസാധുത ഐസിസി സെന്ററില്‍ മാത്രമേ പരീക്ഷിക്കാന്‍ കഴിയൂ എന്നും അശ്വിന്‍ വ്യക്തമാക്കി. ഐസിസി നിയമം അനുസരിച്ച് ബൗളറുടെ കൈമുട്ട് 15 ഡിഗ്രിക്കകത്താണോ എന്ന് മൈതാനത്തിലെ അമ്പയര്‍ക്ക് വിലയിരുത്താന്‍ പ്രയാസമാണെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഉസ്മാന്‍ താരിഖ് തന്നെ തന്റെ കൈയിലെ വളവ് സ്വാഭാവികമാണെന്ന് വിശദീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇത് ഐസിസി അടക്കം പരിശോധിച്ച് അംഗീകാരം നല്‍കിയതാണെന്നും ഐസിസി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വെച്ച് തന്നെയാണ് പന്തെറിയുന്നതെന്നും ഉസ്മാന്‍ താരിഖ് നേരത്തെ വിശദീകരിച്ചിരുന്നു.